ഇംഫാൽ: മണിപ്പൂരിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ മോദിയെ ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും ചേർന്ന് സ്വീകരിച്ചു.
ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയുടെ അമൂല്യവത്തായ സമ്മാനമാണ് ഈ മലകൾ. അതേസമയം, അത് നിങ്ങളുടെ നിരന്തര കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നു. മണിപ്പുരിലെ ജനങ്ങളുടെ ആവശേത്തിന് മുമ്പിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു, മോദി പറഞ്ഞു.
വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തുന്നത്. സന്ദർശനത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്. ഐസ്വാൾ സന്ദർശനത്തോടെയാണ് പ്രധാനമന്ത്രി ത്രിദിന സന്ദർശനത്തിന് തുടക്കമിട്ടത്. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി രാവിലെയോടെ ഐസ്വാളിൽ നിർവഹിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിലും ചുരാചന്ദ്പുരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇംഫാലിലെ 237 ഏക്കറോളം നീണ്ടു കിടക്കുന്ന കങ്ഗ്ല കോട്ടയുടെ പരിസരത്താണ് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്കായി വേദി ഒരുക്കിയിരിക്കുന്നത്. ചുറ്റുഭാഗത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ചുരാചന്ദ്പുരിൽ സംഘർഷമുണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ചരാത്രിയാണ് സംഭവം. പോലീസും സുരക്ഷാസേനയുമെത്തിയാണ് അക്രമികളെ തുരത്തിയത്. കുക്കി സോ കൗൺസിൽ കഴിഞ്ഞ ദിവസം മോദിയുടെ സന്ദർശനത്തെ സ്വാഗതംചെയ്തിരുന്നു. എന്നാൽ, കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ ‘ഓർമ്മമതിൽ’ മറച്ച് അലങ്കാരങ്ങൾ നടത്തിയതാണ് പ്രശ്നത്തിന് കാരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുക്കി ഗോത്രവിഭാഗങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, മെയ്ത്തികളിൽ വലിയൊരു വിഭാഗവും പ്രധാനമന്ത്രിയുടെ വരവിൽ തൃപ്തരല്ല.
മണിപ്പൂരിലെ വംശീയ കലാപത്തിൽ 260ലധികം പേരാണ് കൊല്ലപ്പെട്ടത്. 60000ത്തിലധികം പേർ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. കുടിയിറക്കപ്പെട്ടവരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കലാപം കഴിഞ്ഞ് 864 ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി മണിപ്പുരിലെത്തുന്നത്. ഇതിനെതിരേ വൻതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.