ചെറുപ്പം മുതല്‍ താന്‍ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയില്‍ അല്ലെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് ഭരണകാലത്തെ പൊലീസിനു കീഴിലാണെന്നും പിണറായി വിജയൻ

തിരുവനന്തപുരം : ചെറുപ്പം മുതല്‍ താന്‍ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയില്‍ അല്ലെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് ഭരണകാലത്തെ പൊലീസിനു കീഴിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാലത്ത് ഏറ്റവും കൂടുതല്‍ പൊലീസ് ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നത് സിപിഎം സഖാക്കള്‍ക്കാണ്.


അന്നത്തെ പൊലീസ് ക്രൂരതകള്‍ സ്റ്റാലിനെ അനുകരിച്ചതു കൊണ്ടാണോ എന്നറിയില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു കുറുവടിപ്പടയും പൊലീസും ചേര്‍ന്നാണ് കമ്യൂണിസ്റ്റുകാരെ തിരഞ്ഞുപോയി പീഡിപ്പിച്ചിരുന്നത്. ലോക്കപ്പിനകത്ത് അതിക്രൂരമായി കൊല്ലന്ന അവസ്ഥയുണ്ടായി. എന്തെങ്കിലും നടപടി ഉണ്ടായോ? ലോക്കപ്പില്‍നിന്ന് ആളെ ഇറക്കി കൊണ്ടുപോയി വെടിവച്ചു കൊന്നില്ലേ. കമ്യൂണിസ്റ്റുകാരെ എന്തും ചെയ്യാമെന്ന അവസ്ഥയായിരുന്നു. ജാഥ നടത്തിയാല്‍ പോലും മര്‍ദിക്കുമായിരുന്നു. അതിനൊക്കെ മാറ്റം വന്നത് 1957-ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്.

പൊലീസ് സേനയില്‍ ആരെങ്കിലും തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ ഘട്ടത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടി എന്നതാണ് ഇടതു നയം. 2016 മുതല്‍ 2024 ജൂണ്‍ വരെ, കുറ്റക്കാരായ 108 പൊലീസുകാരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.


2024 ഒക്‌ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ 36 പൊലീസുകാരെയും പിരിച്ചുവിട്ടു. അങ്ങനെ ഏതെങ്കിലും നടപടി യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടോ? രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്ര കര്‍ക്കശമായ നടപടി സ്വീകരിച്ച സര്‍ക്കാര്‍ ഉണ്ടോ? അതുകൊണ്ടു തന്നെ കുറ്റമറ്റ രീതിയിലാണ് പൊലീസ് മുന്നേറുന്നത്. എത്ര അംഗീകാരങ്ങളാണ് പൊലീസിനു ലഭിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അവരെ ക്രൂശിക്കാന്‍ കഴിയില്ല. അഴിമതി ഏറ്റവും കുറഞ്ഞ പൊലീസാണ് നമ്മുടേത്. ആരെങ്കിലും അഴിമതി കാട്ടിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

എരുമപ്പെട്ടി, കുന്നംകുളം പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതിയായ സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ താന്‍ മര്‍ദനത്തിന് ഇരയായി എന്നാരോപിച്ച് 12.04.2023ന് തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. അതില്‍ അടിയന്തര അന്വേഷണം നടത്തിയ തൃശൂര്‍ സിറ്റി ഡിസിആര്‍ബി അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ നാല് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ 2023 ഏപ്രിൽ 22ന് സ്ഥലം മാറ്റി.

തുടര്‍ന്ന് ആരോപണ വിധേയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയും പൊലീസ് സബ് ഇന്‍സ്‌പെക്ടറടക്കം മൂന്ന് പേരുടെ വാര്‍ഷികവേതന വര്‍ധന 2 വര്‍ഷത്തേക്ക് തടയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സുജിത്ത് ഫയല്‍ ചെയ്ത ഹർജിയിൽ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒപ്പം വകുപ്പുതല അച്ചടക്ക നടപടിയുടെ പുനഃപരിശോധനാ നടപടികളും നടന്നുവരുന്നു.

പീച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന വാക്കുതര്‍ക്കവുമായി  ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ഹോട്ടലിന്റെ ഉടമയായ ഔസേഫ് എന്നയാളുടെ മകനെയും ജീവനക്കാരെയും പീച്ചി പൊലീസ് സ്റ്റേഷനില്‍ വച്ച് എസ്എച്ച്ഒ രതീഷ് മര്‍ദിച്ചുവെന്നും ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കപ്പെട്ട് പരാതി ലഭിച്ചിരുന്നു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണം നടത്തുന്നതിനായി മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ ഐഎസ്എച്ച്ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് രതീഷിനെ തൃശ്ശൂര്‍ സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലേക്ക് മാറ്റിയിരുന്നു. കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയോടൊപ്പം സ്റ്റേഷനിലെത്തിയ സജീവ് എന്നയാള്‍ പൊലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്തു സംസാരിക്കുകയും പിന്നീട് വീണ്ടും സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈം നം. 1338/2025 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ഇന്‍വെട്ടർ ബാറ്ററി കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് അമല്‍ ആന്റണി എന്നയാളുടെ വീട്ടില്‍ എത്തിയ പൊലീസിനോട് നിസഹകരിച്ചതിനെ തുടര്‍ന്ന് സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അമലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുണ്ടായി. തുടര്‍ന്ന് പരാതിക്കാരനായ കടയുടമ ബാറ്ററി പരിശോധിക്കുകയും ബാറ്ററി തന്റേതല്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അമലിനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

പേരൂര്‍ക്കടയില്‍ സ്വര്‍ണമാല മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ പരാതിക്കാരിയുടെ വീട്ടില്‍ ജോലിക്കു നിന്ന യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. പരാതിക്കാരി സ്വര്‍ണമാല തിരികെക്കിട്ടിയതായും തുടരന്വേഷണം ആവശ്യമില്ലെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എഫ്എഡി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയാണ് ഉണ്ടായത്. പ്രതിചേര്‍ക്കപ്പെട്ട യുവതി പിന്നീട് പൊലീസിനെതിരെ നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രസാദിനെയും ഗ്രേഡ് എ എസ് ഐ പ്രസന്നകുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രൈം നം. 880/2025 ആയി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2020 ജനുവരി 1ന് അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായ വാഹനാപകട കേസില്‍ വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ മദ്യപിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സംവരുത്തിയതിനും ക്രൈം 7/2020 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 5 മാസത്തിനു ശേഷം ആ വ്യക്തി വീട്ടില്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിക്കവെ മരണപ്പെടുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ ക്രൈം. 1798/2020 ആയി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണകാരണം ഹൃദയസംബന്ധമായ അസുഖമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരെ വിളിച്ചു വരുത്തിയ സന്ദര്‍ഭത്തില്‍ പരാതിക്കാരന്റെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്തു എന്ന സബ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരായ പരാതിയിന്മേല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തിവരുന്നു.  

തോംസണ്‍ തങ്കച്ചന്‍ ഭാര്യയെയും കുടുബാംഗങ്ങളെയും ദേഹോപദ്രവമേല്‍പ്പിച്ച സംഭവത്തില്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ക്രൈം.1553/24 കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയുടെ പരിഗണനയിലാണ്. രണ്ടു മാസത്തിനു ശേഷം തോംസണെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടു. അമിത മദ്യപാനവും പാന്‍ക്രിയാസിലും പിത്താശയത്തിലുമുളള രോഗവും മൂലമാണ് മരിച്ചതെന്നു വ്യക്തമായി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

2017 ല്‍ 808 പരാതികളാണ് കംപ്ലയിന്റ് അതോറിറ്റിയില്‍ ഉണ്ടായിരുന്നത്. 2021 ല്‍ 272 പരാതികള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 270 ഉം അതോറിറ്റി തീര്‍പ്പാക്കി. പിന്നീട് 2022 ലും 2023 ലും 146 വീതം പരാതികളാണ് ഉണ്ടായത്. 2024 ല്‍ 94 ഉം 2025 ല്‍ 45 ഉം പരാതികള്‍ കംപ്ലയിന്റ് അതോറിറ്റിക്ക് ലഭിച്ചു. പരാതികളുടെ എണ്ണത്തിൽ സ്വാഭാവികമായ കുറവുണ്ടായി. ഇത്തരം പരാതികള്‍ക്ക് ഇടയാകുന്ന സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നതിനു തെളിവാണ് ഇതെന്നും മുഖ്യമന്ത്രി പറ​ഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !