മോസ്കോ : റഷ്യൻ ഡ്രോണുകൾ നാറ്റോ അംഗമായ പോളണ്ടിന്റെ അതിർത്തിക്കുള്ളിൽ പ്രവേശിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ. വ്യോമാതിർത്തി ലംഘിച്ച റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പോളണ്ട് സൈന്യം വ്യക്തമാക്കി. 2022ൽ യുക്രെയ്ൻ–റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യൻ ഡ്രോണുകൾ പോളണ്ട് വീഴ്ത്തുന്നത്. പോളണ്ടിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു.
ഇറാനിയൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് നാറ്റോ അംഗമായ പോളണ്ടിനെ റഷ്യ ആക്രമിച്ചതായി യുഎസ് ജനപ്രതിനിധി സഭാംഗം ജോ വിൽസൺ ആരോപിച്ചു. ‘യുദ്ധപ്രവൃത്തി’ ആണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. റഷ്യൻ ഡ്രോണുകൾ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ചതായി യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ പ്രസ്താവന.
വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയതായി പോളണ്ട് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പോളണ്ട് പ്രസിഡന്റ് കരോൾ നവ്റോക്കിയും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതിനിടെ, യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ പതിച്ച് 23 പേർക്ക് ദാരുണാന്ത്യം. 18 പേർക്കു പരുക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്.
നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെ ചിത്രം സെലെൻസ്കി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. റഷ്യ നടത്തുന്ന ക്രൂരതയെപ്പറ്റി ലോകം നിശബ്ദത പാലിക്കരുതെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. യുഎസും യൂറോപ്പും ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.