വൈക്കം: വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്കൂട്ടറുകൾ ഇടിച്ചുതകര്‍ത്തു. കാറിടിച്ച് മകളുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം.
വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്. മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം-പൂത്തോട്ട റോഡില്‍ നാനാടം മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. സജികയും അമ്മ ചന്ദ്രികയും സ്കൂട്ടറില്‍ വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. പൂത്തോട്ട ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാര്‍ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറികടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാല് സ്കൂട്ടറുകളില്‍ ഇടിച്ച ശേഷം ഓടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.
കാര്‍ ഇടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പന്റെ വലതുകൈക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഉദയപ്പന്‍ തെറിച്ച് ഓടയില്‍ വീണു. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രികദേവിയുടെ ജീവന് രക്ഷിക്കാനായില്ല.വൈക്കം കാളിയമ്മനട സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് അറിയിച്ചു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ചന്ദ്രികദേവിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകന്: സജീഷ് (കാനഡ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.