കണ്ണൂർ: ശാസ്ത്രലോകത്തിന് വലിയ മുതൽക്കൂട്ടാവുന്ന കണ്ടുപിടിത്തവുമായി കണ്ണൂർ ജില്ലയിലെ കൂടാളി സ്വദേശിയായ പി.ടി. അനീഷ്. 15 വർഷത്തിലേറെയായി മത്സ്യങ്ങളിലെ പരാദജീവികളെക്കുറിച്ച് ഗവേഷണം നടത്തുന്ന അദ്ദേഹം, പടിഞ്ഞാറൻ ജപ്പാനിലെ ബുങ്കോ ചാനലിൽ നിന്ന് ഒരു പുതിയ ആഴക്കടൽ മത്സ്യ പരാദജീവിയെ കണ്ടെത്തി.
മത്സ്യങ്ങളിലെ പരാദങ്ങളെക്കുറിച്ചുള്ള പഠനം ഒരുപാട് സമയവും പ്രയത്നവും ആവശ്യമുള്ള വിഷയമാണെന്ന് അനീഷ് പറയുന്നു. തൻ്റെ ഗവേഷണത്തിലൂടെ, മത്സ്യങ്ങളുടെ ശരീരത്തിൽ അറിയപ്പെടുന്നതും അല്ലാത്തതുമായ നാലോ അഞ്ചോ വിഭാഗം പരാദങ്ങൾ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
അനീഷിൻ്റെ പ്രധാന പഠനം ക്രസ്റ്റേഷ്യൻ വിഭാഗത്തിലുള്ള പരാദങ്ങളെക്കുറിച്ചാണ്. ചെമ്മീൻ, ഞണ്ട്, ചിലതരം മത്സ്യങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ധാരാളം മത്സ്യങ്ങളെ ഒന്നിച്ച് പിടിക്കുമ്പോൾ, പരാദബാധ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്കരണത്തിന് മുൻപ് മത്സ്യങ്ങളിൽ നിന്ന് ഈ പരാദങ്ങളെ നീക്കം ചെയ്യാറുണ്ട്. ഗവേഷണത്തിനുള്ള സാമ്പിളുകൾ ശേഖരിക്കുന്നത് ഇങ്ങനെ മാറ്റുന്ന പരാദങ്ങളിൽ നിന്നാണെന്നും അനീഷ് വ്യക്തമാക്കി.
കണ്ടുപിടിത്തങ്ങളുടെ വഴിയിൽ
പയ്യന്നൂർ കോളജിൽ നിന്നും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നുമായി ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഇദ്ദേഹം ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ഹിരോഷിമ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മലേഷ്യ യൂണിവേഴ്സിറ്റിയിൽ അഡ്‌ജോയിൻ്റ് പ്രഫസറാണ് അനീഷ്.
ചെന്നൈയിലും കൊൽക്കത്തയിലും ഒക്കെ ജോലി ചെയ്ത അനീഷ് 2025 മാർച്ച് വരെ ഹിരോഷിമ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രഫസർ ആയി ജോലി ചെയ്തിരുന്നു. ഇന്ന് മലേഷ്യ യൂണിവേഴ്സിറ്റിയിൽ അഡ്‌ജോയിൻ്റ് പ്രഫസർ ആയി ജോലി ചെയ്യുന്ന അദ്ദേഹം ഇപ്പോഴും മത്സ്യങ്ങളിലെ പരാദജീവികളെക്കുറിച്ചുള്ള യാത്രയിലാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ഏറ്റവും ഒടുവിൽ പടിഞ്ഞാറൻ ജപ്പാനിലെ ബുങ്കോ ചാനലിൽ നിന്നും വീണ്ടും ഒരു പുതിയ ആഴക്കടൽ മത്സ്യ പരാദജീവിയെ കൂടി കണ്ടെത്തിയത്. ജപ്പാനീസ് ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവയെ വേർതിരിക്കുന്ന ഒരു കടലിടുക്കാണ് ബുങ്കോ ചാനൽ.
ഷിക്കോകുവിൻ്റെ പടിഞ്ഞാറൻ അറ്റത്തുള്ള ഫിലിപ്പൈൻ കടലിനെയും സെറ്റോ ഉൾനാടൻ കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്കിൽ നിന്ന് ഹിരോഷിമ സർവകലാശാലയിലെ റിസർച് ആൻഡ് ട്രെയിനിങ് വെസൽ ആയ ടോയോഷിയോ മരുവിൽ നടത്തിയ ഗവേഷണ ക്രൂയിസിനിടയിലാണ് ആഴക്കടൽ മത്സ്യമായ ക്ളോറോതാൽമസ് ആൽബർട്രോസിൻ്റെ വായിൽ നിന്നും വളരെ അധികം പരിണമിച്ച മത്സ്യ പരാദ കോപ്പി പോഡ് കുടുംബമായ കോൺഡ്രകാന്തിഡെയിലെ അകാന്ത കോണിൽപ്പെട്ട ഒരു പുതിയ ജീവിയെ കണ്ടെത്തിയത്. ഈ പുതിയ ജീവിക്ക് അകാന്തോകോൺട്രിയോമരുവേ എന്ന നാമമാണ് നൽകിയത്. ഹിരോഷിമ സർവകലാശാലയുടെ പരിശീലന ഗവേഷണ കപ്പലായ ടോയോഷിയോ മാരുവിന് സമർപ്പിച്ചിരിക്കുന്നതായി ഗവേഷകർ അറിയിച്ചു.
കടൽജീവികളുടെ വർഗീകരണ ശാസ്ത്രത്തിലെ പ്രമുഖ ജപ്പാനീസ് അന്താരാഷ്ട്ര ഗവേഷണ ജേണലായ പ്രാങ്ക്ട്രോൺസ് ആൻഡ് ബെന്തോസ് റിസർച്ച് പുതിയ ലക്കത്തിൽ ഗവേഷണ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ ഒരു പുതിയ ഫാമിലി (Hirodaidae Aneesh et. 2024), ഏഴു പുതിയ ജനസുകൾ (Brucethoa, Glyp tothoa, Gibbothoa, Hirodai, Avathar, Kokish, iyodes, sandyathoa) തുടങ്ങി 42 പുതിയ ഇനങ്ങൾ ഡോ. അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്ര ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സമയമെടുത്ത് പഠിക്കേണ്ട വിഷയമാണ് മത്സ്യങ്ങളിലെ പരാദജീവികൾ.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.