തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്മാന് ഇപ്പോഴും വി ടി ബല്‍റാം തന്നെയെന്ന് വ്യക്തത വരുത്തി കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്. വിവാദമായ എക്സ് പോസ്റ്റിന്റെ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായി എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്കിയ ചുമതല.
ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എ ഐ സി സി യുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ ത പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്സ് പ്ലാറ്റ്ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അവര്‍ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്.
എന്നാല്‍ ഇതിനെ ചില മാധ്യമങ്ങള്‍ വി ടി ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. വി ടി ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.
വിവാദമായ എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയര്മാന് പദവിയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ട്.
ബീഹാറില്‍ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു', സണ്ണി ജോസഫ് പ്രസ്താവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.