ആലപ്പുഴ ;ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ, ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുകളിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെ, വാരനാട് സ്വദേശിയായ റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷയെ (57) 13 വർഷം മുൻപു കാണാതായ കേസിലും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം തുടങ്ങി.
ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ചേർത്തല പൊലീസ്, കേസിൽ സെബാസ്റ്റ്യനെ പ്രതിചേർക്കാനാവശ്യമായ തെളിവുകൾ ഉൾപ്പെടുത്തി ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതിനുശേഷം കോടതിയുടെ അനുമതിയോടെ ജയിലിലെത്തി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.പഞ്ചായത്ത് വകുപ്പിൽ ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയിലാണു കാണാതായത്. കാണാതായതിന് അടുത്ത ദിവസങ്ങളിൽ തന്നെ ഐഷ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവിൽ ഐഷ തിരോധാനക്കേസിൽ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ചേർത്താകും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുക.കൊല്ലപ്പെട്ട കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ പേരിൽ നടത്തിയ ഭൂമിയിടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.
ബിന്ദു ജീവിച്ചിരുന്നപ്പോൾ നടത്തിയ വസ്തു വിൽപനകൾക്കൊപ്പം മരണശേഷം ബിന്ദുവിന്റെ പേരിൽ പ്രതി സി.എം.സെബാസ്റ്റ്യൻ നടത്തിയ ഭൂമിയിടപാടുകളും പരിശോധിക്കും. ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമി വിൽപനയുടെ അഡ്വാൻസ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണു ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നു സെബാസ്റ്റ്യൻ വെളിപ്പെടുത്തിയിരുന്നു.ബിന്ദുവിന്റെ അമ്മയുടെ പേരിൽ കടക്കരപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2003ൽ വ്യാജരേഖകൾ ചമച്ചാണു കൈമാറ്റം ചെയ്തതെന്നു കണ്ടെത്തിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ബിന്ദുവിന്റെ മരണശേഷമാണ് ഇവരുടെ എറണാകുളം ഇടപ്പള്ളിയിലെ ഭൂമി വിൽപന നടത്താനുള്ള അവകാശം സെബാസ്റ്റ്യനു നൽകിക്കൊണ്ടുള്ള മുക്ത്യാർ റജിസ്റ്റർ െചയ്യുന്നത്. ഇതു വ്യാജമാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.ബിന്ദു പത്മനാഭൻ വധക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി സി.എം.സെബാസ്റ്റ്യനെ ഇന്നലെ ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനനുസരിച്ചു സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ആലോചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.