കൊച്ചി : ഡിജിപി യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡപ്യൂട്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. അഞ്ചു ദിവസത്തിനുള്ളിൽ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. യോഗേഷ് ഗുപ്തയുടെ ഹർജിയിലാണ് നടപടി. കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം കൈമാറിയിരുന്നില്ല.
സർക്കാരുമായി പ്രശ്നങ്ങളുണ്ടായതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാൽ, കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം തടഞ്ഞുവച്ചു.
സംസ്ഥാന സർക്കാരിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയ്ക്കു കഴിഞ്ഞ 3 വർഷത്തിനിടെ ലഭിച്ചത് 7 സ്ഥലംമാറ്റമാണ്. അതിൽ ഏറ്റവും ഒടുവിലായി, കഴിഞ്ഞയാഴ്ച റോഡ് സുരക്ഷാ കമ്മിഷണറാക്കി ഉത്തരവ് ഇറങ്ങിയിരുന്നു. കേരളം വിട്ട് കേന്ദ്ര സർക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുൾപ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സർക്കാർ അംഗീകരിച്ചിരുന്നില്ല.
2022ൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബവ്റിജസ് കോർപറേഷൻ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനൽ ഡയറക്ടർ ജനറലാക്കി.
പൊലീസ് അക്കാദമി ഡയറക്ടർ, സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി, ബവ്റിജസ് കോർപറേഷൻ എംഡി, വിജിലൻസ് മേധാവി, അഗ്നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങൾ. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഒരു പദവിയിൽ ചുരുങ്ങിയത് 2 വർഷ കാലാവധി നൽകണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സർക്കാർ അതു പാലിക്കാറില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.