ഭോപ്പാല്‍: പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം. മധ്യപ്രദേശിലെ കാളിസിന്ധ് നദിയില്‍ പോലീസും സംസ്ഥാന ദുരന്തനിവാര സേനയും മറ്റു സംവിധാനങ്ങളും 20 കിലോമീറ്ററോളം പരിധിയില്‍ അരിച്ചുപെറുക്കി. പിന്നാലെ രക്ഷാപ്രവര്‍ത്ത സംവിധാനങ്ങളെ മുഴുവന്‍ അപഹാസ്യമാക്കിയ വലിയൊരു തട്ടിപ്പാണ് രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത് വന്നിരിക്കുന്നത്.
1.40 കോടി രൂപയുടെ കടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി ബിജെപി നേതാവ് മഹേഷ് സോണിയുടെ മകന് വിശാല്‍ സോണി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. മധ്യപ്രദേശില്‍ തിരച്ചില്‍ തകൃതിയായി നടക്കുമ്പോള്‍ ഈ സമയമത്രയും വിശാല്‍ മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
സെപ്റ്റംബര്‍ 5-ന് കാളിസിന്ധ് നദിയില്‍ ഒരു കാര്‍ മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് ഈ നാടകീയ സംഭവങ്ങളുടെ തുടക്കം. മുങ്ങല്‍ വിദഗ്ദ്ധരെത്തി വാഹനം പുറത്തെടുത്തു. എന്നാല്‍ കാറില്‍ ആരേയും കണ്ടെത്താനായില്ല. ബിജെപി നേതാവ് വിശാല്‍ സോണിയുടേതാണെന്ന് കാറെന്ന് തിരിച്ചറിഞ്ഞതോടെ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായി. വിശാലിന്റെ പിതാവും ബിജെപി നേതാവുമായ മഹേഷ് സോണി രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥ ആരോപിച്ചതിനെ തുടര്‍ന്ന്, തിരിച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് വ്യത്യസ്ത സംഘങ്ങള്‍ 20 കിലോമീറ്റര്‍ ദൂരത്തോളം ഏകദേശം രണ്ടാഴ്ചയോളം നദിയില്‍ തിരച്ചില്‍ നടത്തി.
ദിവസങ്ങള്‍ക്ക് ശേഷവും വിശാലിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ പോലീസിന് ചില സംശയങ്ങളുണ്ടായി. സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിശാലിന്റെ മൊബൈല്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അയാള്‍ മഹാരാഷ്ട്രയിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മധ്യപ്രദേശ് പോലീസ്, മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ സംഭാജി നഗര്‍ ജില്ലയിലെ ഫര്‍ദാപൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് വിശാലിനെ പിടികൂടി. ചോദ്യം ചെയ്യലില്‍, താന്‍ 1.40 കോടിയിലധികം രൂപയുടെ കടബാധ്യതയില്‍ മുങ്ങിയിരിക്കുകയാണെന്നും വിശാല്‍ സമ്മതിച്ചു.
മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്ന് വിവരത്തെ തുടര്‍ന്നാണ് ഇത്തരമൊരു നാടകത്തിന് ശ്രമിച്ചതെന്നും വിശാല്‍ പറഞ്ഞു. സെപ്റ്റംബര്‍ 5-ന് പുലര്‍ച്ചെ 5 മണിക്ക് ഗോപാല്‍പുരയ്ക്ക് സമീപത്തേക്ക് ഒരു ട്രക്ക് ഡ്രൈവറെ വിളിച്ച് വരുത്തിയ ശേഷമാണ് നാടകം നടത്തിയത്. നദിക്കരയിലെത്തി കാറിന്റെ ഹെഡ്ലൈറ്റുകള് അണച്ച ശേഷം വാഹനം നദിയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ട്രക്ക് ഡ്രൈവറുടെ ബൈക്കില്‍ ഇന്ദോറിലേക്ക് കടന്നു. പിന്നീട് തന്റെ 'മരണം'സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ചറിഞ്ഞ ശേഷം, വിശാല്‍ മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു.
പിന്നീട് പോലീസിന്റെ വലയിലായെന്ന് തിരിച്ചറിഞ്ഞതോടെ തട്ടിക്കൊണ്ട് പോകല്‍ നാടകവും വിശാല്‍ നടത്തി. പോലീസ് താന്‍ ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയെന്ന വിവരം ലഭിച്ചപ്പോഴായിരുന്നു ഇത്, വസ്ത്രങ്ങള്‍ വലിച്ചുകീറി, പൊടിയില്‍ കിടന്നുരുണ്ട് ഫര്‍ദാപുര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്കി.
അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുന്‍പ് പോലീസ് വിശാലിന്റെ അച്ഛനെയും സഹോദരങ്ങളെയും ചോദ്യം ചെയ്തിരുന്നു. അവന് ബന്ധുക്കളോടൊപ്പം താമസിക്കുകയാണെന്ന് തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നതായി അവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുന്നതിന് ഒരാളെ ശിക്ഷിക്കാന്‍ നിയമ വ്യവസ്ഥകളില്ലാത്തതിനാല്‍, ഔദ്യോഗികമായി കേസെടുക്കാതെ വിശാലിനെ കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.