കൽപറ്റ : വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ടി.ജെ.ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നൽകി.
വയനാട്ടിൽ രണ്ടു വിഭാഗമായി കോൺഗ്രസ് പ്രവർത്തകർ കൊമ്പുകോർക്കുന്നതു സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ താക്കീത് നൽകിയിരുന്നു. എൻ.ഡി.അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികൾക്കെതിരെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ പക്ഷത്തിലുള്ള നേതാക്കൾ രംഗത്തുവന്നത് വയനാട്ടിൽ കോൺഗ്രസിന് സംഘടനാ തലത്തിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി തന്നെ വയനാട് ഡിസിസി പ്രസിഡന്റിന് രാജി വയ്ക്കേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞത്.
ജില്ലയിലെ സംഘടനയിൽ വിഭാഗീയതയും തർക്കങ്ങളും മുറുകുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ കെപിസിസിയോട് നിർദ്ദേശിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലം കൂടി ഉൾപ്പെടുന്ന വയനാട്ടിലെ കോൺഗ്രസിലുണ്ടാകുന്ന പടലപ്പിണക്കങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതിലെ അതൃപ്തിയും കേന്ദ്ര നേതാക്കൾ കെപിസിസി നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു.
അടുത്തിടെ പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനത്തിനിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഡിസിസി നേതാക്കളോട് ഇത്തരത്തിൽ സംഘടനയിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തതിനു പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.