ന്യൂഡൽഹി : വസന്ത്കുഞ്ച് ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി പതിറ്റാണ്ടുകളായി പല പേരുകൾ ഉപയോഗിച്ചാണു ജീവിച്ചിരുന്നതെന്നു പൊലീസ്. ചൈതന്യാനന്ദയ്ക്ക് രണ്ടു പാസ്പോർട്ടുകളുള്ളതായും പൊലീസ് പറഞ്ഞു.
ജനന സമയത്തെ പേര്, പിതാവിന്റെ പേര്, ജന്മസ്ഥലം തുടങ്ങിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ ലഭ്യമായ രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ പ്രകാരം, രുദ്ര പാർഥസാരഥി എന്ന പേരില്‍ ബംഗാളിലെ സിലിഗുരിയിലാണ് ഇയാളുടെ ജനനം. ഇവിടുന്ന് കൊൽക്കത്തയിലും ഒഡീഷയിലും താമസിച്ച ശേഷം ഡൽഹിയിലെത്തി. ഡോ.സ്വാമി പാർഥസാരഥി എന്നും ഒടുവിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നും പേരു മാറ്റി.
രാമകൃഷ്ണ മഠത്തിലാണ് ഇയാൾ ആദ്യം പ്രവര്‍ത്തിച്ചത്. നാലഞ്ചു കൊല്ലം ഇവിടെ താമസിച്ചു. കേരളത്തിൽ ഇവരുടെ എറണാകുളത്തെ ആശ്രമത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ, ആശ്രമത്തിന്റെ അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടർന്ന് 2001-02ൽ മഠത്തിൽനിന്ന് പുറത്തായി.
പിന്നീട് 2009-10 കാലത്ത് ശ്രീ ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ മഹാസംഥാനം ദക്ഷിണാംന്യ ശ്രീ ശാരദ പീഠവുമായി ബന്ധപ്പെട്ട് ഇയാൾ പ്രവർത്തിച്ചു. ഇതുവഴിയാണ് വസന്ത്കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചിന്റെ ചെയർമാനായി നിയമിതനാകുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
2025ന്റെ തുടക്കത്തിൽ, വഞ്ചന ആരോപിച്ച് പീഠം ചൈതന്യാനന്ദയ്ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ജൂലൈ 23ന് സമർപ്പിച്ച എഫ്‌ഐആറിൽ ഇയാൾക്കു രണ്ട് പാസ്‌പോർട്ടുകൾ ഉണ്ടെന്നും ഓരോന്നിലും വ്യത്യസ്ത വിവരങ്ങളാണുള്ളതെന്നുമാണ് ഇവർ ആരോപിക്കുന്നത്. ഒന്നിൽ പിതാവിന്റെ പേര് ദയാനന്ദ സരസ്വതി എന്നും അമ്മ ശാരദ അംബാൾ എന്നുമാണു രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പേരു മാറ്റത്തെക്കുറിച്ചുള്ള ഒരു പത്ര ക്ലിപ്പിങ്ങിൽ ചൈതന്യാനന്ദയുടെ പിതാവിന്റെ പേര് സ്വാമി ഗഹനാനന്ദ്ജി പുരി എന്നാണു നൽകിയിട്ടുള്ളത്.
ജന്മസ്ഥലം സംബന്ധിച്ചും വൈരുധ്യങ്ങളുണ്ട്. പഴയ പാസ്‌പോർട്ടിൽ ബംഗാളിലെ ഡാർജിലിങ്ങും പുതിയതിൽ തമിഴ്‌നാട്ടിലെ തിരുവെളികാണിയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം സ്ഥാപിച്ചതായി പറയപ്പെടുന്ന ട്രസ്റ്റിന്റെ പ്രസിദ്ധീകരണത്തിൽ, ചൈതന്യാനന്ദ യുഎസ് പൗരനാണെന്നു വിശേഷിപ്പിച്ചിട്ടുള്ളതായും എഫ്‌ഐആറിൽ പറയുന്നു. സരസ്വതി പലപ്പോഴും താൻ ഒരു യുഎസ് പൗരനാണെന്നും ഐക്യരാഷ്ട്ര സംഘടനയിൽ അംഗമാണെന്നും അവകാശപ്പെട്ടിരുന്നതായി നിരവധി വിദ്യാർഥികളും മാധ്യമങ്ങളോടു പറഞ്ഞു.
ചൈതന്യാനന്ദയുടെ പക്കൽനിന്നു പൊലീസ് കണ്ടെടുത്ത വിസിറ്റിങ് കാർഡുകളിൽ ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരം അംബാസഡർ, ബ്രിക്സ് ജോയിന്റ് കമ്മിഷൻ അംഗം, ഇന്ത്യയുടെ പ്രത്യേക പ്രതിനിധി എന്നൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പരസ്പരവിരുദ്ധമായ രേഖകൾ സ്ഥാപനങ്ങളെയും വ്യക്തികളെയും കബളിപ്പിക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രധാന തെളിവാണു ചൈതന്യാനന്ദയുടെ മൊബൈൽ ഫോണുകൾ.
എന്നാൽ, അവയുടെ പാസ്‌വേഡ് മറന്നുപോയെന്നാണ് പൊലീസിനോടു പറഞ്ഞിട്ടുള്ളത്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നുണയാണെന്നു ചൈതന്യാനന്ദ ആവർത്തിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന 3 മൊബൈൽ ഫോണുകളും ഐപാഡും ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. രണ്ടു മാസത്തെ വേട്ടയാടലിന് ഒടുവിലാണ് ചൈതന്യാനന്ദയെ ആഗ്രയിൽനിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽനിന്നു രക്ഷപ്പെടാൻ ചൈതന്യാനന്ദ 50 ദിവസത്തിനിടെ വൃന്ദാവൻ, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലായി 15 ഹോട്ടലുകളിൽ മാറിത്താമസിച്ചിരുന്നു.
സിസിടിവി ക്യാമറകളില്ലാത്ത ചെലവുകുറഞ്ഞ ലോഡ്ജുകളിലാണു താമസിച്ചിരുന്നത്. ചൈതന്യാനന്ദയെ തെളിവെടുപ്പിനായി ഇന്നലെ വസന്ത്കുഞ്ചിലെ സ്ഥാപനത്തിലെത്തിച്ചിരുന്നു. പെൺകുട്ടികളുടെ പരാതിയിൽ പറയുന്ന, ഇൻസ്റ്റിറ്റ്യൂട്ടിലെ താഴത്തെ നിലയിലുള്ള ചൈതന്യാനന്ദയുടെ ‘പീഡനമുറിയിലും’ തെളിവെടുപ്പു നടത്തി. പെൺകുട്ടികളുടെ ശുചിമുറികളുടെ മുന്നിൽ സിസിടിവി ക്യാമറ വച്ചു എന്നതുൾപ്പെടെ പരാതിയിലുള്ള ഒട്ടുമിക്ക ആരോപണങ്ങളും ശരിയാണെന്നു കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
അതിനിടെ, ചൈതന്യാനന്ദയ്ക്കെതിരെ പരാതി നൽകിയ പെൺകുട്ടികളിൽ ഒരാളുടെ മാതാപിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തിയ സഹായിയെ ഇന്നലെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ബാഗേശ്വർ സ്വദേശി ഹരി സിങ് കോക്പോതിയാണു പിടിയിലായത്. ചൈതന്യാനന്ദയുടെ നിർദേശമനുസരിച്ചാണു താൻ കുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. എന്നാൽ, ചൈതന്യാനന്ദയുടെ അറസ്റ്റിനു പിന്നിൽ വമ്പൻമാർ ഉൾപ്പെട്ട വലിയ സംഘത്തിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഭിഭാഷകൻ മനീഷ് ഗാന്ധി പറഞ്ഞു. അതിനു പിന്നിലുള്ള പ്രമുഖരുടെ പേരുകൾ ഉടൻ തന്നെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.