ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവും മുൻ പാർലമെൻ്റംഗവുമായ പ്രൊഫ. വിജയകുമാർ മൽഹോത്ര (94) ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു.
"മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഡൽഹി ഘടകത്തിൻ്റെ ആദ്യ അധ്യക്ഷനുമായ പ്രൊഫ. വിജയ് കുമാർ മൽഹോത്ര ജി ഇന്ന് രാവിലെ അന്തരിച്ചു. അദ്ദേഹത്തിൻ്റെ ജീവിതം ലാളിത്യത്തിൻ്റെയും പൊതുസേവനത്തിനുള്ള സമർപ്പണത്തിൻ്റെയും ഉത്തമ ഉദാഹരണമായിരുന്നു", ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിൽ സംഘത്തിൻ്റെ പ്രത്യയശാസ്ത്രം വ്യാപിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ച ജനസംഘത്തിൻ്റെ കാലം മുതലുള്ളതാണ് മൽഹോത്രയുടെ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്ന മികച്ച നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ അനുശോചിച്ചു. ഡൽഹിയിൽ നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകളുടെ പേരിലും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമുള്ള അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’,പ്രധാനമന്ത്രി കുറിച്ചു. ഡൽഹി രാഷ്ട്രീയത്തിലെ അതികായനായിരുന്ന മൽഹോത്ര, അഞ്ച് തവണ എംപിയും രണ്ട് തവണ എംഎൽഎയുമായിരുന്നു.
1980-കളിലും 1990-കളിലും തലസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പരിചിതമായ മുഖമായാണ് അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇന്നത്തെ മുഖ്യമന്ത്രിക്ക് തുല്യമായ പദവിയായ ഡൽഹിയുടെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.1999 ലെ പൊതുതിരഞ്ഞെടുപ്പില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വന്‍ ഭൂരിപക്ഷത്തില്‍ മല്‍ഹോത്ര പരാജയപ്പെടുത്തി. മൽഹോത്ര ദീർഘകാലമായി വിഭാവനം ചെയ്തിരുന്ന ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഡൽഹി ബിജെപിയുടെ ആദ്യത്തെ സ്ഥിരം സംസ്ഥാന ഓഫീസ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.