ഡബ്ലിൻ/കോർക്ക്: നാഷണൽ പാർക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവ് രഞ്ജു റോസ് കുര്യന് (40) അയർലൻഡ് ഇന്ന് കണ്ണീരോടെ വിട നൽകി. കഴിഞ്ഞ ദിവസങ്ങളിൽ അയർലൻഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ വേർപാട്, രഞ്ജുവിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി.
രഞ്ജു കുടുംബമായി താമസിച്ചിരുന്ന കോർക്കിലെ ബാൻഡനിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഇന്ന് രാവിലെ 10.30 മുതൽ ബാൻഡനിലെ ഗബ്രിയേൽ ആൻഡ് ഒ’ഡോണോവൻ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ ആയിരക്കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. തുടർന്ന്, 11.30-ഓടെ മൃതദേഹം ബാൻഡൻ സെന്റ് പാട്രിക്സ് പള്ളിയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് സഭാ അധികാരികളും വൈദികരും നേതൃത്വം നൽകി.
രഞ്ജുവിൻ്റെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞയുടൻ കോഴിക്കോട് നിന്നും പിതാവ് പൂന്തിരുത്തി പി.ഐ. കുര്യനും മാതാവ് റോസ് കുര്യനും കോർക്കിലെത്തിയിരുന്നു. ഇവർ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ ഉപ്പുതോട് നിന്നും കോഴിക്കോട് ജില്ലയിലേക്ക് കുടിയേറിയ ഒരു ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു രഞ്ജു. അയർലൻഡിൽ എത്തുന്നതിനു മുൻപ് സിറോ മലബാർ സഭയുടെ കെസിവൈഎം അടക്കമുള്ള സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
2016-ലാണ് രഞ്ജു കുടുംബത്തോടൊപ്പം അയർലൻഡിലേക്ക് കുടിയേറിയത്. കോർക്കിൽ നഴ്‌സായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. ക്രിസ്, ഫെലിക്സ് എന്നിവരാണ് മക്കൾ.
അയർലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കില്ലാർണി നാഷണൽ പാർക്കിലാണ് രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി രഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ ലഭ്യമാവുകയുള്ളൂ.
കോർക്കിലെ മക്കാർത്തി കോച്ചസ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജു, അയർലൻഡിലെ പൊതുഗതാഗത ബസ് സർവീസായ എറാനിൽ അഭിമുഖം പാസായി പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. കോർക്ക് കമ്യൂണിറ്റിയിലെ എല്ലാ പ്രവർത്തനങ്ങളിലും നിറ സാന്നിധ്യമായിരുന്ന രഞ്ജുവിൻ്റെ ആകസ്മിക മരണം പ്രവാസി സമൂഹത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.