ടെൽ അവീവ്: 3000 കിലോ മീറ്റർ യുദ്ധവിമാനത്തിൽ പറന്നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ പൈലറ്റുമാർ ഹമാസിന്റെ ആറു പേരെ വധിച്ചത്. രണ്ടു വർഷത്തിനിടെ ഇസ്രയേലി വ്യോമസേന ആക്രമിക്കുന്ന ആറാമത്തെ രാജ്യമാണ് ഖത്തർ. ദോഹയിലെ റെസിഡൻഷ്യൽ കോമ്പൗണ്ടിലേക്ക് ഇസ്രയേലി യുദ്ധവിമാനങ്ങൾ 10 എയർ-ടു-ഗ്രൗണ്ട് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്.
ലെബനൻ, സിറിയ, ഇറാൻ, യെമൻ, പലസ്തീൻ എന്നിവയ്ക്കു പുറമെ പശ്ചിമേഷ്യയിൽ ഖത്തറിനെയാണ് ഏറ്റവും ഒടുവിലായി ഇസ്രയേൽ ആക്രമിക്കുന്നത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു ശേഷം ഇസ്രയേലിന്റെ കര, വ്യോമസേന വിഭാഗങ്ങൾ ഗാസയിൽ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുള്ള തലവൻ ഹസൻ നസ്റുള്ളയെ വധിക്കാനാണ് 2024 സെപ്റ്റംബറിൽ ലെബനന്റെ അതിർത്തി ഭേദിച്ച് ഇസ്രയേൽ ആക്രമണം നടത്തിയത്.ഇതിനു തുടർച്ചയായി സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ പ്രതിരോധ ആസ്ഥാനം ആക്രമിച്ചു. സിറിയൻ നാവികസേനയെയും വ്യോമസേനയെയും തകർക്കുകയും ചെയ്തു. 1,000 കിലോമീറ്ററിലധികം ദൂരെയുള്ള ഇറാന്റെ ഉള്ളിലേക്ക് കടന്ന് ഇസ്രയേൽ ആക്രമണം നടത്തുന്നത് 2025 ജൂണിൽ. കൂടാതെ, 2,000 കിലോമീറ്ററിലധികം ദൂരെയുള്ള യെമനിലെ ഹൂതികളുടെ ക്രൂയിസ്, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി തുടർച്ചയായി പ്രത്യാക്രമണം നടത്തി. 2025 ഓഗസ്റ്റ് 31-ന് യെമനിലെ ഹൂതി പ്രധാനമന്ത്രി അഹമ്മദ് ഗാലിബ് നാസർ അൽ റഹാവി അടക്കമുള്ള ഉന്നതരെ വധിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാൻ ഇസ്രയേൽ പതിറ്റാണ്ടുകളായി വർധിപ്പിച്ച വ്യോമസേനയുടെ ശക്തിയാണ് ഈ ആക്രമണങ്ങളിലെല്ലാം തെളിഞ്ഞുകണ്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനകളിലൊന്ന് ഇസ്രയേലിന്റേതാണ്. ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളുടെ പിന്തുണയോടെ 18 യുദ്ധവിമാന സ്‌ക്വാഡ്രണുകൾ ഇസ്രയേലിനുണ്ട്. ശത്രുക്കൾക്ക് സംഘടിക്കാനും ആക്രമിക്കാനും കഴിയുന്നതിന് മുൻപ് അതിർത്തികൾക്കപ്പുറം ആക്രമണം നടത്താൻ ഇതിന് കഴിയും
ഇസ്രയേൽ വ്യോമസേനയുടെ ഫ്‌ലൈറ്റ് അക്കാദമി ലോകത്തതന്നെ മികച്ച ഒന്നാണ്. മികച്ച പൈലറ്റുമാരെ തിരഞ്ഞെടുക്കുകയും യുദ്ധസജ്ജരാണെന്ന് ഉറപ്പാക്കാൻ അസാധാരണമായ പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു. ഇറാൻ ആക്രമണവും സെപ്റ്റംബർ 9-ലെ ദോഹ ആക്രമണവും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കാൻ ഇസ്രയേൽ പൈലറ്റുമാർ ഇപ്പോൾ സുസജ്ജരായി കഴിഞ്ഞു.ലോകത്തെ ഞെട്ടിച്ച ഒരു രക്ഷാദൗത്യത്തിന്റെ കഥ; ഇസ്രയേലിന്റെ 'പിടിവാശി'യുടെയും
1976 ജൂലൈയിൽ, ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലൊന്ന് ഇസ്രയേൽ നടത്തി. പിഎൽഒ തട്ടിക്കൊണ്ടുപോയ 102 വിമാന യാത്രക്കാരെ രക്ഷിക്കാൻ ഉഗാണ്ടയിലെ എന്റബെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇസ്രയേലി കമാൻഡോകളുമായി വ്യോമസേനയുടെ ഇ130 വിമാനങ്ങൾ 8,000 കിലോമീറ്ററിലധികം ദൂരം പോയിവന്നു. അതിനുശേഷം, യുദ്ധവിമാനങ്ങൾ 1981-ൽ ഇറാഖിലെയും 2007-ൽ സിറിയയിലെയും ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. 1980-കളുടെ തുടക്കത്തിൽ പാകിസ്താനിലെ കഹൂതയിലുള്ള ആണവ കേന്ദ്രത്തിൽ ആസൂത്രണം ചെയ്ത ആക്രമണം ഇന്ത്യ ഇന്ധനം നിറയ്ക്കാൻ സൗകര്യം നൽകാത്തതിനാൽ നടന്നില്ല.
വർഷങ്ങളായി, ബോയിങ് 707 പോലുള്ള ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളിലൂടെ തങ്ങളുടെ ദൂരപരിധി വർദ്ധിപ്പിക്കാൻ ഇസ്രയേൽ വൻതോതിൽ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്തിടെ അമേരിക്കയിൽനിന്ന് ആറ് KC46 റീഫ്യൂവലിങ് ടാങ്കറുകൾ വാങ്ങി. ചാര ഉപഗ്രഹങ്ങൾ, EL/M-2075 ഫാൽക്കൺ പോലുള്ള അവാക്‌സ് വിമാനങ്ങൾ, ദീർഘദൂര ഡ്രോണുകൾ, മൊസാദ്, ഷിൻ ബെറ്റ് തുടങ്ങിയ ഏജൻസികളിൽനിന്നുള്ള തത്സമയ ഇന്റലിജൻസ് വിവരങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന നൂതന എയർബോൺ C4ISR സംവിധാനം ഇസ്രയേൽ ഉപയോഗിക്കുന്നു.
1980-കൾ മുതൽ F15, F16 തുടങ്ങിയ മുൻനിര അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഈ വിമാനങ്ങളെ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, സ്‌പൈസ്, പോപ്പൈ പോലുള്ള ക്രൂയിസ് മിസൈലുകൾ, റാംപേജ്, റോക്ക്‌സ് പോലുള്ള ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉപയോഗിച്ച് നവീകരിക്കുകയും ചെയ്തിട്ടുണ്ട്. F16 സൂഫ, F-15I റാം എന്നിങ്ങനെയുള്ള തനതായ പതിപ്പുകളിലാണ് അവ ഇന്ന് അറിയപ്പെടുന്നത്.2018-ൽ, ലോക്ക്ഹീഡ് മാർട്ടിനിൽനിന്ന് അഞ്ചാം തലമുറ F-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കി. ഇതിനെ 'അദിർ' (ശക്തൻ) എന്ന് പുനർനാമകരണം ചെയ്യുകയും സ്വന്തം C4I (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടറുകൾ, ഇന്റലിജൻസ്) സംവിധാനം ഉപയോഗിച്ച് നവീകരിക്കുകയും ചെയ്തു.
ഇസ്രയേലിന്റെ മിക്ക അയൽരാജ്യങ്ങൾക്കും ദുർബലമായ വ്യോമസേനയും നാമമാത്രമായ വ്യോമ പ്രതിരോധ മിസൈൽ ശേഷിയുമാണുള്ളത്. പ്രധാന ശത്രുവായ ഇറാന്റെ വ്യോമസേനയാകട്ടെ, കാലഹരണപ്പെട്ടതും. 1970-കളിലെ വിമാനങ്ങളും 1990-കളിലെ വിരലിലെണ്ണാവുന്ന റഷ്യൻ നിർമ്മിത വിമാനങ്ങളും മാത്രമാണ് അവർക്കുള്ളത്. ഈ ദൗർബല്യം മറികടക്കാൻ ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഇറാൻ സ്വന്തമാക്കുന്നുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ച് ഇറാന് ഇസ്രയേലിനെ ആക്രമിക്കാൻ കഴിയുമെങ്കിലും തങ്ങളുടെ ആകാശത്ത് വിഹരിക്കുന്ന ഇസ്രയേലി യുദ്ധവിമാനങ്ങളിൽനിന്ന് സ്വന്തം വ്യോമാതിർത്തി സംരക്ഷിക്കാൻ ഇറാന് കഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.