ട്രംപിന്റെ ഭീഷണി ഏറ്റില്ല ; 102 ഇന്ത്യൻ കമ്പനികളെ കൂടി സമുദ്രോൽപന്ന കയറ്റുമതിയുടെ പട്ടികയിൽ യൂറോപ്യൻ യൂണിയൻ ഉൾപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള 102 കമ്പനികളെ കൂടി സമുദ്രോൽപന്ന കയറ്റുമതിയുടെ പട്ടികയിൽ യൂറോപ്യൻ യൂണിയൻ ഉൾപ്പെടുത്തി. ഇതോടെ, യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതിയുള്ള ആകെ കമ്പനികളുടെ എണ്ണം 604 ആയി. 2023-24ൽ 110 കോടി ഡോളറിന്റെ സമുദ്രോൽപന്ന കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യൻ യൂണിയനിലേക്ക് നടത്തിയത്.

കൂടുതൽ കമ്പനികൾക്ക് അനുമതി ലഭിച്ചതോടെ നടപ്പുവർഷത്തെ കയറ്റുമതിയിൽ‌ 20% വർധന പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോൽപന്ന വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഏറക്കുറെ നിലച്ചമട്ടാണ്.


ഈ സാഹചര്യത്തിൽ, വിപണി വൈവിധ്യവൽക്കരണത്തിനായി കേന്ദ്ര വാണിജ്യ മന്ത്രാലയവും സീഫുഡ് രംഗത്തെ അസോസിയേഷനുകളും സമയോചിതമായി നടത്തിയ ചർച്ചകളുടെ ഫലമാണ് 100ലേറെ കമ്പനികൾക്ക് കൂടി കയറ്റുമതി അനുമതി ലഭിച്ചതിനു പിന്നിലെന്ന് ബേബി മറൈൻ ഇന്റർനാഷനൽ മാനേജിങ് പാർട്ണറും സീഫുഡ് എക്സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ അലക്സ് കെ. നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ നിരവധി ഇന്ത്യൻ കമ്പനികളെ കയറ്റുമതി പട്ടികയിൽനിന്ന് യൂറോപ്യൻ യൂണിയൻ ഒഴിവാക്കിയിരുന്നു. പുതിയ കമ്പനികൾക്ക് അനുമതി നൽകിയിരുന്നുമില്ല. നിലവിൽ ട്രംപിന്റെ ‘ഇടിത്തീരുവ’ മൂലം സമുദ്രോൽപന്ന കയറ്റുമതി മേഖല തൊഴിൽ, വരുമാന നഷ്ടങ്ങളും അഭിമുഖീകരിച്ചിരുന്നു.


ഈ വേളയിലാണ് വിപണി വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് വാണിജ്യ മന്ത്രാലയവും സീഫുഡ് രംഗത്തെ അസോസിയേഷനുകളും ചർച്ചകളിലേക്ക് കടന്നത്. ട്രംപും മോദിയും തമ്മിൽ സംസാരിക്കാനുള്ള നീക്കവും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സാധ്യമായേക്കുമെന്ന വിലയിരുത്തലുകളും ഈ മേഖലയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.

കാത്തിരിക്കുന്ന ആശ്വാസം കൂടുതൽ‌ കമ്പനികൾക്ക് കയറ്റുമതി അനുമതി നൽകിയ യൂറോപ്യൻ യൂണിയന്റെ നടപടി വലിയ ആശ്വാസമാകുമെന്ന് കേരളം ആസ്ഥാനമായ പ്രമുഖ സമുദ്രോൽപന്ന കമ്പനിയായ കിങ്സ് ഇൻഫ്രയുടെ സിഎഫ്ഒ ലാൽബർട്ട് ചെറിയാൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കും വിപണി വളർത്താൻ ഇന്ത്യൻ സമുദ്രോൽപന്ന മേഖലയ്ക്ക് കഴിയും.

യുഎസിലേക്കുള്ള മൊത്തം സമുദ്രോൽപന്ന കയറ്റുമതിയിൽ ഭൂരിഭാഗവും ചെമ്മീൻ ആയിരുന്നു. നിലവിൽ അനുമതി ലഭിച്ച 102 കമ്പനികളിൽ മുന്തിയപങ്കും ശ്രദ്ധിക്കുന്നതും ചെമ്മീൻ കയറ്റുമതിയിലാണ്. യൂറോപ്പിലേക്ക് ചെമ്മീൻ കയറ്റുമതി വർധിപ്പിക്കാനും ട്രംപിന്റെ കനത്ത താരിഫ് മൂലമേറ്റ ആഘാതത്തിൽനിന്ന് ചെറുതെങ്കിലും ആശ്വാസം നേടാനും ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഉൾപ്പെടെ സംബന്ധിച്ച്, കഴിഞ്ഞ ദിവസങ്ങളിലായി യൂറോപ്യൻ യൂണിയൻ അധികൃതരുമായി നിരവധി യോഗങ്ങൾ‌ ന്യൂഡൽഹിയിൽ നടന്നിരുന്നു. കൂടുതൽ കമ്പനികൾക്ക് കയറ്റുമതി അനുമതി ലഭിച്ചത് തൊഴിലവസരങ്ങളും വിദഗേശനാണയ വരുമാനവും ഉയർത്താൻ സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു. ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്ന കയറ്റുമതിയിൽ കേരളത്തിനും നിർണായക സ്ഥാനമുണ്ടെന്നിരിക്കേ, യൂറോപ്യൻ യൂണിയനിൽ കൂടുതൽ വിപണി കിട്ടുന്നത് കേരളത്തിലും വലിയ നേട്ടമാകും.

ഇന്ത്യയും യൂറോപ്യൻ യൂണിയനും യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാക്കാനുള്ള ഒരുക്കത്തിലുമാണ് ഇന്ത്യ. 2024-25ലെ കണക്കുപ്രകാരം 136.5 ബില്യൻ ഡോളറിന്റെ വ്യാപാരവുമായി, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യൂറോപ്യൻ യൂണിയൻ. ഇതിൽ 75.9 ബില്യൻ ഡോളറും ഇന്ത്യയുടെ കയറ്റുമതിയാണ്. 60.7 ബില്യൻ ഡോളർ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിയും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !