സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 80,000ന് മുകളിൽ; ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1,000 രൂപയുടെ കുതിപ്പുമായി പവൻവില 80,880 രൂപയിലെത്തി. ഗ്രാമിന് 125 രൂപ ഉയർന്ന് 10,110 രൂപയും.
81,000 രൂപയെന്ന അടുത്ത നാഴികക്കല്ലിലേക്ക് പവൻ ഇനി 120 രൂപ മാത്രം അകലെ. ഇന്നൊരൊറ്റ പവന്റെ ആഭരണം വാങ്ങാൻപോലും മിനിമം കൊടുക്കേണ്ടത് 87,530 രൂപ. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും കുറഞ്ഞത് 5% പണിക്കൂലിയും ചേർത്തുള്ള വാങ്ങൽത്തുകയാണിത്.
ഒറ്റ ഗ്രാം സ്വർണാഭരണത്തിന് ഇതുപ്രകാരം മിനിമം 11,000 രൂപയ്ക്കടുത്തും നൽകണം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ ഗ്രാമിന് 895 രൂപയും ഗ്രാമിന് 7,160 രൂപയും കൂടി. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയുമാണ് ഈ വിലക്കുതിപ്പ് നിരാശരാക്കുന്നത്.
വിലക്കുതിപ്പിന്റെ പൊന്നുംവഴികൾ സ്വർണവിലയിലുണ്ടായ വർധനയുടെ ചരിത്രം ഇങ്ങനെ: ഒരു പവന്റെ വില (രൂപയിൽ) ∙ 1925 : 13.75 ∙ 1940 : 26.77 ∙ 1950 : 72.75 ∙ 1970 : 135.30 ∙ 1980 : 975 ∙ 1995 : 3,432 ∙ 2000 : 3,212 ∙ 2010 : 12,280 ∙ 2015 : 19,760 ∙ 2020 : 32,000 ∙ 2023 : 44,000 ∙ 2024 : 50,200 ∙ 2025 : 80,880
3,600 ഡോളർ മറികടന്ന് രാജ്യാന്തര വില രാജ്യാന്തരവിലയിലെ കുതിപ്പാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. രാജ്യാന്തര വില ഔൺസിന് ചരിത്രത്തിൽ ആദ്യമായി 3,600 ഡോളറിന് മുകളിലെത്തി. ഒരുഘട്ടത്തിൽ 65 ഡോളറിലേറെ മുന്നേറി 3,654.17 ഡോളർ എന്ന സർവകാല ഉയരംതൊട്ട വില, നിലവിൽ വ്യാപാരം ചെയ്യുന്നത് 3,649 ഡോളറിൽ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുത്തനെ കുറയാനുള്ള സാധ്യത തെളിഞ്ഞതാണ് സ്വർണത്തിന് ഊർജമാകുന്നത്.
ഈമാസം ചേരുന്ന യോഗത്തിൽ ഫെഡറൽ റിസർവ് 0.50% കുറവ് പലിശയിൽ വരുത്തിയേക്കും. പലിശയിറക്കം എങ്ങനെ സ്വർണത്തിന് നേട്ടമാകും? കാരണങ്ങൾ നോക്കാം: 1) പലിശനിരക്ക് കുറയുന്നത് യുഎസ് ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശനിരക്ക്, യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളുടെ ആദായനിരക്ക് എന്നിവയും കുറയാനിടയാക്കും. ഫലത്തിൽ ഇവ അനാകർഷകമാകും.
2) ബാങ്ക് നിക്ഷേപം, ട്രഷറി നിക്ഷേപം എന്നിവയിൽനിന്ന് പിൻവലിഞ്ഞ് ഗോൾഡ് ഇടിഎഫിലേക്കും മറ്റും കൂടുതൽ നേട്ടം ഉന്നമിട്ട് പണം മാറ്റുകയാണ് നിക്ഷേപകർ. ഇത് ഡോളറിനും തിരിച്ചടിയാകുന്നു. 3) യുഎസ് ഡോളർ ഇൻഡക്സ് 97 നിലവാരത്തിലേക്കും. 10-വർഷ ട്രഷറി യീൽഡ് 4.0 നിലവാരത്തിലേക്കും കൂപ്പുകുത്തി. ഡോളർ താഴ്ന്നത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. ഇതോടെ വില കൂടുകയായിരുന്നു. ദാ, ഇവയ്ക്കും പൊള്ളുന്ന വില സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 105 രൂപ കുതിച്ച് റെക്കോർഡ് 8,375 രൂപയായി. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 137 രൂപയും. ഇതും റെക്കോർഡാണ്. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 100 രൂപ ഉയർത്തി 8,300 രൂപയാണ്. വെള്ളിക്ക് 133 രൂപയിൽ വില മാറ്റമില്ലാതെയും നിർത്തി.
സഹായഹസ്തവുമായി രൂപ രാജ്യാന്തര സ്വർണവില, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക്, രൂപ-ഡോളർ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം. മുംബൈ വില ഗ്രാമിന് 134 രൂപയും ബാങ്ക് റേറ്റ് 115 രൂപയും കൂടി. എന്നാൽ, ഡോളറിന്റെ തകർച്ച മുതലെടുത്ത് രൂപ ഇന്ന് 25 പൈസ നേട്ടവുമായി 87.97ൽ എത്തി. ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് മൂല്യം 88ൽ നിന്ന് 87 നിലവാരത്തിലേക്ക് മെച്ചപ്പെടുന്നത്. ∙ രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ, കേരളത്തിൽ സ്വർണവില ഇന്നുതന്നെ പവന് 81,000 രൂപ കടക്കുമായിരുന്നു. ∙ യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായതിനാൽ രാജ്യാന്തരവില സമീപഭാവിയിൽ 3,750 ഡോളർവരെ ഉയരാമെന്ന വിലയിരുത്തലുകളുണ്ട്. അതായത്, കേരളത്തിൽ സ്വർണവില ഇനിയും പുതിയ ഉയരങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയേറെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.