ന്യൂഡൽഹി : ‘അനുസരിച്ചില്ലെങ്കിൽ നിന്നെ തോൽപിക്കും’– ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥിനിക്കു സ്വാമി ചൈതന്യാനന്ദ അയച്ച സന്ദേശങ്ങളിൽ ഒന്നാണിത്. വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും.
വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നും ഭീഷണിപ്പെടുത്തും. സ്വാമിയുടെ ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരും കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു. പതിവായി രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭരണസമിതി അംഗമായിരുന്നെങ്കിലും സ്ഥാപനത്തിന്റെ ചെയർമാൻ എന്നാണു സ്വാമി സ്വയം വിശേഷിപ്പിച്ചിരുന്നത്. 62 വയസ്സുകാരനായ സ്വാമി 28ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പലതിന്റെയും അവതാരിക എഴുതിയിരിക്കുന്നതു പ്രമുഖരാണ്. ‘എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’– എന്നാണ് ഒരു പെൺകുട്ടിക്ക് അയച്ച സന്ദേശം. മറ്റൊരു വിദ്യാർഥിനിക്ക് അയച്ച സന്ദേശം ‘അനുസരിച്ചില്ലെങ്കിൽ നിന്റെ മാർക്ക് കുറയും, കരിയർ തന്നെ നശിപ്പിക്കും’– എന്ന ഭീഷണിയായിരുന്നു.
വാർഡൻമാരും സ്വാമിക്കു വഴങ്ങാൻ കുട്ടികളെ പ്രേരിപ്പിച്ചിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. പരാതിപ്പെടുമെന്നു പറഞ്ഞവരെ ഹോസ്റ്റലിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. അവരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വാർഡൻമാരെ ചോദ്യം ചെയ്ത പൊലീസ് ചൈതന്യാനന്ദയുടെ അറസ്റ്റിനു ശേഷം അവർക്കെതിരെ കൂടുതൽ നടപടികളെടുക്കുമെന്നു പറഞ്ഞു.
മഠവുമായി ബന്ധപ്പെട്ട സ്വത്ത് തട്ടിപ്പിന്റെ പേരിൽ മഠം അധികൃതരും സ്വാമിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ജനവാസമേഖലയിൽനിന്നു മാറി സർക്കാർ സ്ഥാപനങ്ങൾക്കും സിആർപിഎഫ് കേന്ദ്രത്തിനുമിടയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. വലിയ മതിൽക്കെട്ടിനകത്ത് എന്തുനടന്നാലും പുറത്തറിയില്ല. ഇന്നലെ വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ അകത്തേക്കു കയറ്റിവിട്ടില്ല. തടയാൻ ഗേറ്റിൽ ബൗൺസർമാരെയും നിയോഗിച്ചിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാർക്കിങ് ഏരിയയിൽനിന്നു പൊലീസ് പിടിച്ചെടുത്ത കാറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നീല നിറത്തിലുള്ള നമ്പർപ്ലേറ്റായിരുന്നു പതിച്ചിരുന്നത്; നമ്പർ ‘39 യുഎൻ 1’ എന്നും. കാറിൽനിന്നു മറ്റ് എംബസികളുടെ പേരിലുള്ള നയതന്ത്ര നമ്പർപ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഈ കാറിലാണ് ചൈതന്യാനന്ദ സ്ഥിരമായി സഞ്ചരിച്ചിരുന്നതെന്നാണു വിവരം. സ്വാമിക്കെതിരെ 5 കേസുകളാണ് ഉള്ളത് ∙ 2009: ഡിഫൻസ് കോളനി സ്റ്റേഷനിൽ വഞ്ചനക്കേസ്. ∙ 2016: ഒരു വിദ്യാർഥി വസന്ത്കുഞ്ച് നോർത്ത് സ്റ്റേഷനിൽ നൽകിയ പീഡനക്കേസ് ∙ 2025: 17 വിദ്യാർഥികൾ പീഡനവും ഭീഷണിയും ആരോപിച്ച് നൽകിയ പരാതി ∙ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് കേസ് ∙ തട്ടിപ്പു നടത്തിയതിന് മഠം അധികൃതർ നൽകിയ കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.