ചണ്ഡിഗഡ് : സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ ഡി. രാജ തുടരും. ഇന്നലെ രാത്രി നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്‌ക്കു മാത്രം ഇളവ് അനുവദിച്ചു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022ൽ വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി.
സിപിഐയുടെ പുതിയ നേതൃത്വത്തെ ഇന്നു തിരഞ്ഞെടുക്കാനിരിക്കെ, എഴുപത്തിയാറുകാരനായ ഡി.രാജയ്ക്ക് ഇളവു നൽകാൻ നേതൃത്വത്തിൽ ധാരണയാകുകയായിരുന്നു. പ്രായപരിധി 75 എന്ന നിബന്ധന കർശനമാക്കണമെന്നു കേരളം പൊതുചർച്ചയിൽ നിലപാട് എടുത്തിരുന്നെങ്കിലും മൂന്നര മണിക്കൂറിലേറെ നീണ്ട നിർവാഹക സമിതിയിൽ കേരളം അയഞ്ഞു. അതേസമയം, സെക്രട്ടേറിയേറ്റിലും കൗൺസിലിലും പ്രായപരിധി പാലിച്ചു പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം.
ഇന്നലെ നിർവാഹക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി പദത്തിന്റെ കാര്യത്തിൽ നടന്ന സുദീർഘമായ ചർച്ചയിൽ തർക്കമുണ്ടായി. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പല്ലവ് സെൻ ഗുപ്ത ഉൾപ്പെടെ ഒഴിയാൻ താൽപര്യം അറിയിച്ചു. എന്നാൽ, രാജയുടെ നിലപാട് അറിയണമെന്നു നിർവാഹക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പദത്തിൽ തുടരാനാണു രാജ താൽപര്യപ്പെട്ടത്. പദവിയിലേക്കു പേരു പറഞ്ഞുകേട്ട എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ മൗനം പാലിച്ചു.
ദേശീയ സെക്രട്ടറി ആനി രാജയും മൗനം പാലിച്ചു. വോട്ടെടുപ്പുസാധ്യത ഉയർന്ന ഘട്ടത്തിലാണ് സമവായത്തിനു നീക്കമുണ്ടായതും രാജയ്‌ക്കു മാത്രം ഇളവ് അനുവദിക്കാൻ തീരുമാനമായതും. രാജ തുടരുന്ന സാഹചര്യമുണ്ടായാൽ ഡപ്യൂട്ടി സെക്രട്ടറിയുണ്ടാകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തീരുമാനമായില്ല. അമർജിത് കൗർ ഇതിനു താൽപര്യപ്പെടുന്നില്ലെന്നാണു സൂചന. പകരം പേരുകളും നേതൃത്വത്തിനു മുൻപിൽ ഇല്ല.
പ്രായപരിധി കർശനമായി പാലിക്കണമെന്ന കേരള നിലപാടിനൊപ്പമായിരുന്നു തമിഴ്നാട് അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര പ്രായപരിധി കർശനമായി നടപ്പാക്കണമെന്നു പറഞ്ഞെങ്കിലും രാജയ്ക്ക് ഇളവു നൽകുന്നതിനെ അനുകൂലിച്ചു. പ്രായപരിധി നടപ്പാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന നിലപാടായിരുന്നു ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്ക്.
എന്നാൽ, സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കാതെ പോയ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ രാജയെ നിലനിർത്തുന്നതിനോടു യോജിച്ചു. ബിഹാറിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇന്ത്യാസഖ്യ നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്ന രാജ തുടരട്ടെയെന്നതാണു ബിഹാറിന്റെ പക്ഷം. ബിനോയ് വിശ്വത്തിന്റെ പേര് ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും അദ്ദേഹം സംസ്ഥാനത്തു തുടരാൻ ആഗ്രഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റ്: സാധ്യത പ്രകാശ് ബാബുവിന് രാജ്യസഭാ കക്ഷി നേതാവും പാർട്ടി നിർവാഹക സമിതിയംഗവുമായ പി. സന്തോഷ് കുമാറിനു മുൻതൂക്കമുണ്ടെങ്കിലും സിപിഐ ദേശീയ സെക്രട്ടേറിയറ്റിൽ പ്രകാശ് ബാബുവിന് അവസരം ലഭിച്ചേക്കും. സന്തോഷിനു ഭാവിയിലും സാധ്യതയുണ്ടെന്നതിനാൽ ഇക്കുറി പ്രകാശ് വരട്ടെയെന്നാണു കേരള നേതൃത്വവും കരുതുന്നത്. പ്രായപരിധി മാനിച്ചു കേരളത്തിലെ നേതൃപദവികളിൽ നിന്നൊഴിഞ്ഞ മുൻ അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ ദേശീയ കൗൺസിലിൽനിന്ന് ഒഴിവാകും. വി.എസ്.സുനിൽ കുമാറിനെ പരിഗണിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.