കൊച്ചി : ഒരു ക്രിമിനലിനോടുപോലും കാണിക്കാത്ത വിധത്തിലുള്ള ക്രൂരമർദനമാണ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനേറ്റതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മർദിച്ചിട്ടും മർദിച്ചിട്ടും മതിവരാതെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. കള്ളക്കേസിലാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഇതിൽ ഉൾപ്പെട്ട പൊലീസുകാരെ പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും സതീശൻ പറഞ്ഞു.
‘‘കേരളത്തെ നടുക്കുന്ന കസ്റ്റഡി പീഡനമാണ് നടന്നത്. ആ പൊലീസുകാരെ സർവീസിൽ നിന്നു പുറത്താക്കണം. ഇത്തരക്കാരെ സർവീസിൽ തുടരാൻ അനുവദിക്കാൻ പാടില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് ഏതറ്റം വരെയും പോകും. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇപ്പോൾ പറയുന്നില്ല. എന്നാൽ അത് കടുത്തതായിരിക്കും. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാവില്ല’’– സതീശൻ പറഞ്ഞു.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു ശേഷം ഇക്കാര്യത്തിൽ ഡിഐജി പ്രതികരിച്ചത് തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സതീശൻ പറഞ്ഞു. ‘‘മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. അതിന്റെ വക്താവായി ഡിഐജി മാറരുത്. ദൃശ്യങ്ങൾ പുറത്തു വന്നില്ലായിരുന്നെങ്കിൽ ഇത്തരമൊരു മർദനമുണ്ടായെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ക്യാമറയില്ലാത്ത സ്ഥലത്തു വച്ചും ക്രൂരമായി മർദിച്ചിട്ടുണ്ട്. ഇതാണ് കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ മേൽ ഒരു നിയന്ത്രണമില്ല. പൊലീസ് ഇത്രയും വഷളായ കാലഘട്ടമുണ്ടായിട്ടില്ല. തീവ്രവാദി ക്യാംപുകളിൽ അകപ്പെടുന്നവരുടെ കണ്ണു ചൂഴ്ന്നെടുക്കുമെന്ന് കേട്ടിട്ടുണ്ട്. അതിനേക്കാൾ ക്രൂരതയാണ് സുജിത്തിനോട് കാണിച്ചത്’’– സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് സർക്കാരിനു പെട്ടെന്നുണ്ടായ അയ്യപ്പഭക്തിയാണ് ഇപ്പോൾ കാണുന്നതെന്നും സതീശൻ പ്രതികരിച്ചു. ‘‘ഇവരുടെ അയ്യപ്പഭക്തിയുടെ പശ്ചാത്തലം ആചാരലംഘനം നടത്തുന്നതിനു വേണ്ടി ക്രൂരമായി പെരുമാറിയതാണ്. നാമജപഘോഷയാത്ര ഉൾപ്പെടെ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. ശബരിമലയിലെ വികസന കാര്യങ്ങളിലേക്ക് കഴിഞ്ഞ 10 വര്‍ഷമായി സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല ’’– സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.