ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വിവാദവും യുഎസ് അധിക തീരുവയും കത്തിനില്‍ക്കെ ഊര്‍ജമേഖലയില്‍ വന്‍ പ്രഖ്യാപനവുമായി ഇന്ത്യ. അന്തമാന്‍ കടലില്‍ ഗണ്യമായതോതില്‍ പ്രകൃതിവാതക സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണത്തിന് വലിയ ഉത്തേജനമാകുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
'എക്സി'ലൂടെയാണ് പുരി ഈ വാര്‍ത്ത പങ്കുവെച്ചത്. അന്തമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ശ്രീ വിജയപുരത്താണ് വന്‍തോതില്‍ പ്രകൃതിവാതകശേഖരം കണ്ടെത്തിയതെന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 295 മീറ്റര്‍ ജലനിരപ്പിലും 2,650 മീറ്റര്‍ ആഴത്തിലുമാണ് ഈ എണ്ണക്കിണറുകള്‍ സ്ഥിതി ചെയ്യുന്നത്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് അമേരിക്കയെ ചൊടിപ്പിക്കുകയും ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് പുരിയുടെ പ്രഖ്യാപനം വരുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ ഏകദേശം 85 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെ ആയതിനാല്‍, പ്രാവർത്തികമാവുകയാണെങ്കിൽ ഈ പദ്ധതി ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കും.
2,212-നും 2,250 മീറ്ററിനും ഇടയിലുള്ള പ്രാഥമിക ഉത്പാദന പരിശോധനയില്‍ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായും ഇടവിട്ടുള്ള ജ്വാലകള്‍ ദൃശ്യമായതായും പുരി പോസ്റ്റില്‍ വിശദീകരിച്ചു. വാതക സാമ്പിളുകള്‍ കാക്കിനഡയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ അതില്‍ 87 ശതമാനം മീഥേന്‍ ആണെന്ന് കണ്ടെത്തി.
'വാതകശേഖരത്തിന്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യസാധ്യതയും വരുംമാസങ്ങളില്‍ സ്ഥിരീകരിക്കും. എന്നാല്‍, ഈ മേഖലയില്‍ വടക്ക് മ്യാന്മര് മുതല്‍ തെക്ക് ഇന്തോനേഷ്യ വരെയുള്ള കണ്ടെത്തലുകള്‍ക്ക് സമാനമായി ആന്തമാന്‍ തടം പ്രകൃതിവാതക സമ്പന്നമാണെന്ന ഞങ്ങളുടെ ദീര്‍ഘകാല വിശ്വാസം ഉറപ്പിക്കുന്നു. അന്തമാന്‍ തടത്തിലെ ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യം വലിയൊരു ചുവടുവെപ്പാണ്.' പുരി പോസ്റ്റില്‍ കുറിച്ചു. സർക്കാരിന്റെ ആഴക്കടല്‍ ദൗത്യവുമായി പുതിയ കണ്ടെത്തല്‍ യോജിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിലധികം ആഴക്കടല്‍ കിണറുകളിലൂടെ ഓഫ്ഷോര്‍ ഹൈഡ്രോ കാര്‍ബണ്‍ ശേഖരം പര്യവേക്ഷണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.