വാഷിങ്ടൻ : മുറിയിൽ ഒപ്പം താമസിക്കുന്ന ആളുമായുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചതിനെ തുടർന്ന് പൊലീസ് വെടിവച്ചു കൊന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദീന് ജോലി സ്ഥലത്ത് വംശീയ അധിക്ഷേപങ്ങളും ഉപദ്രവങ്ങളും നേരിടേണ്ടി വന്നതായി സൂചന. ഈ മാസം മൂന്നിനാണ് നിസാമുദീന് വെടിയേറ്റത്. യുഎസിലുള്ള സുഹൃത്തുവഴി ഇന്നലെയാണ് കുടുംബം വിവരം അറിഞ്ഞത്.
പീഡനങ്ങൾ വിവരിച്ച് പോസ്റ്റ് വംശീയ വിദ്വേഷം, ശമ്പളത്തട്ടിപ്പ്, അന്യായമായ പിരിച്ചുവിടൽ എന്നിവയുടെ ഇരയാണ് താനെന്ന് നിസാമുദീൻ നേരത്തേ ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ തീരുമാനിച്ചെന്നും വെള്ളക്കാരുടെ മേധാവിത്വം അവസാനിക്കണമെന്നും പോസ്റ്റിലുണ്ട്.
കോർപറേറ്റ് ഏകാധിപതികളുടെ അടിച്ചമർത്തൽ ഇല്ലാതാകണം. അങ്ങനെയുള്ള സംഭവങ്ങളിൽ ഉൾപ്പെട്ട എല്ലാവരെയും കർശനമായി ശിക്ഷിക്കണം. ജോലിസ്ഥലത്ത് തനിക്ക് ധാരാളം ശത്രുതയും വംശീയ വിവേചനവും ഉപദ്രവങ്ങളും നേരിടേണ്ടി വന്നു. കമ്പനി ശമ്പളത്തട്ടിപ്പ് നടത്തി. തൊഴിൽ വകുപ്പ് നിശ്ചയിച്ച രീതിയിലല്ല ശമ്പളം നൽകിയിരുന്നതെന്നും നിസാമുദീൻ പോസ്റ്റിൽ ആരോപിച്ചിരുന്നു.
ചെറിയ തർക്കം, ഒടുവിൽ കത്തിക്കുത്ത് നിസാമുദീനും മുറിയിൽ ഒരുമിച്ചു താമസിക്കുന്നയാളും തമ്മിൽ എയർ കണ്ടീഷണറിന്റെ പേരിൽ നടന്ന തർക്കം രൂക്ഷമായതിനെ തുടർന്ന് ഒരു അയൽവാസിയാണ് പൊലീസിനെ വിളിച്ചതെന്നാണ് ബന്ധു വാർത്താ ഏജൻസിയോട് പറഞ്ഞത്. ചെറിയൊരു കാര്യത്തിന്റെ പേരിലാണ് മകനും മുറിയിൽ ഒപ്പം താമസിക്കുന്നയാളും തമ്മിൽ തർക്കമുണ്ടായതെന്ന് നിസാമുദീന്റെ പിതാവും പറഞ്ഞു.
മകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിസാമുദീൻ ഒരാളെ കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് വെടിവയ്പ്പ് നടത്തി. പരുക്കേറ്റ നിസാമുദ്ദീനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. പരുക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തുനിന്ന് രണ്ട് കത്തികൾ കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.