തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു സഭ ചരമോപചാരം അർപിച്ചു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ രംഗത്തിനും ഈ നിയമസഭയ്ക്കും നികത്താനാവാത്ത നഷ്ടമാണ് വാഴൂർ സോമന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിസ്മയകരമായ രാഷ്ട്രീയ ജീവിതമായിരുന്നു വിഎസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ അദ്ദേഹം ശ്രദ്ധേയ പങ്കുവഹിച്ചെന്നും വി.ഡി.സതീശൻ പറഞ്ഞു. മുൻ സ്പീക്കർ പി.പി.തങ്കച്ചനും, പീരുമേട് നിയമസഭാംഗമായിരുന്ന വാഴൂർ സോമനും വി.ഡി.സതീശൻ ചരമോപചാരം അർപിച്ചു.
വിഎസിന്റെ മകൻ വി.എ.അരുൺകുമാർ സഭയിലെ സന്ദർശക ഗ്യാലറിയിൽ എത്തിയിരുന്നു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. വെറും 12 ദിവസത്തേക്കാണ് ഇത്തവണ നിയമസഭ ചേരുന്നതെങ്കിലും അതിലേറെ ദിവസങ്ങൾ കത്തിക്കാനുള്ള വിഷയങ്ങളുമായാണു പ്രതിപക്ഷവും ഭരണപക്ഷവും ഇന്നുമുതൽ സഭയിലെത്തുന്നത്.
ലൈംഗികാരോപണങ്ങളിൽപെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷം ഉയർത്താം. തിരികെ ഭരണപക്ഷത്തെ ആരോപണവിധേയരായ എംഎൽഎമാർക്കെതിരെ യുഡിഎഫ് തിരിയും. അനുദിനം പുറത്തുവരുന്ന പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ആകെ 13 ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്കെത്തുക.
പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം വന്യജീവി സംരക്ഷണ ബിൽ അടക്കം മറ്റു ചില ബില്ലുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. സിലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന പൊതുരേഖ ബില്ലും പരിഗണിക്കും. പിഎസ്‌സി (സർവകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഭേദഗതി ഓർഡിനൻസിനു പകരമുള്ള ബില്ലും പാസാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.