നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമായി സൊഹ്‌റാന്‍ മംദാനി

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്ന്‌ വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി.

താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, നെതന്യാഹു നഗരത്തില്‍ കാലുകുത്തുന്ന നിമിഷംതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഉത്തരവ് നല്‍കുമെന്നും സൊഹ്‌റാന്‍ പറഞ്ഞു.'ഗാസയിലെ വംശഹത്യയ്ക്ക് ഉത്തരവാദിയായ ഒരു യുദ്ധക്കുറ്റവാളിയാണ് ബെഞ്ചമിന്‍ നെതന്യാഹു.
നെതന്യാഹു ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുകയാണെങ്കില്‍, വിമാനത്താവളത്തില്‍വെച്ച് അദ്ദേഹത്തെ തടഞ്ഞുവെക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കും. അത്തരത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റിനെ ബഹുമാനിക്കും.' മംദാനി പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിക്കവെയായിരുന്നു മംദാനിയുടെ പരാമര്‍ശം.

'ഈ നഗരം അന്താരാഷ്ട്ര നിയമങ്ങള്‍ക്കായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ആഗ്രഹം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ ആയിരിക്കുമ്പോള്‍ പോലും നെതന്യാഹു എടുത്ത സൈനിക തീരുമാനങ്ങള്‍ പശ്ചിമേഷ്യയിൽ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും മംദാനി ആരോപിച്ചു.

അതേസമയം, ഇങ്ങനെയൊരു നടപടി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തതും ഫെഡറല്‍ നിയമത്തിന് വിരുദ്ധവുമാകും എന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തന്റെ നിലപാട് ആവര്‍ത്തിച്ച മംദാനി താന്‍ ഈ വാഗ്ദാനത്തില്‍നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. 'ഇത് ഞാന്‍ യഥാര്‍ത്ഥമായി നിറവേറ്റാന്‍ ഉദ്ദേശിക്കുന്ന ഒന്നാണ്.' അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനെയും യുദ്ധത്തെയും കുറിച്ചുള്ള മംദാനിയുടെ നിലപാടിനെ ന്യൂയോര്‍ക്കുകാര്‍ വ്യാപകമായി പിന്തുണയ്ക്കുന്നു എന്നാണ് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസും സിയേന യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ വ്യക്തമായത്. വോട്ട് ചെയ്യാന്‍ സാധ്യതയുള്ള ജൂത വംശജര്‍ക്കിടയില്‍, ഏകദേശം 30% വോട്ടുകളോടെ സൊഹ്‌റാന്‍ നേരിയ മുന്‍തൂക്കവും നേടിയിട്ടുണ്ട്. മത്സരത്തില്‍ സൊഹ്‌റാന്റെ തൊട്ടുപിന്നിലുള്ളത് ഇപ്പോഴത്തെ മേയര്‍ എറിക് ആഡംസും മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുമാണ്.

അതേസമയം, അമേരിക്ക ഐസിസിയില്‍ അംഗമല്ലെന്നും അതിന്റെ അധികാരത്തെ അംഗീകരിക്കുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ട്രംപ് ഐസിസിക്കെതിരെ നടപടികള്‍ ഏര്‍പ്പെടുത്തിയിരുന്നു. 'അമേരിക്കയുടെയോ ഇസ്രയേലിന്റെയോ മേല്‍ ഐസിസിക്ക് യാതൊരു അധികാരപരിധിയുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അതേസമയം, സൊഹ്‌റാന്റെ അഭിപ്രായങ്ങളില്‍ ആശങ്കയില്ലെന്ന് പറഞ്ഞ നെതന്യാഹു ഈ ഭീഷണികളെ തള്ളിക്കളഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാമെന്ന് വിചാരം 'എല്ലാതരത്തിലും വിഡ്ഢിത്തമാണ്' എന്നാണ് ട്രംപുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ അദ്ദേഹം വിശേഷിപ്പിച്ചത്. 'ഞാന്‍ പ്രസിഡന്റ് ട്രംപിനൊപ്പം അവിടെ വരും, നമുക്ക് കാണാം' എന്നും നെതന്യാഹു വെല്ലുവിളിച്ചു. 'അയാള്‍ (സൊഹ്‌റാന്‍) മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്. അല്ലെങ്കില്‍, അയാള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാകും.' എന്നാണ് സൊഹ്‌റാന്റെ പ്രസ്താവനകളെ കുറിച്ച് ട്രംപ് പ്രതികരിച്ചത്.

ഗാസയില്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്തുവെന്ന് ആരോപിച്ചാണ് ഐസിസി നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. നെതന്യാഹുവും മറ്റൊരു മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥനും ചേര്‍ന്ന് 'ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുള്‍പ്പെടെ ഗാസയിലെ സാധാരണ ജനങ്ങള്‍ക്ക് അതിജീവനത്തിന് ആവശ്യമായ വസ്തുക്കള്‍ ബോധപൂര്‍വ്വം നിഷേധിച്ചു' എന്നും വാറണ്ടില്‍ പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !