ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ടിറാ താഴ്‌വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ പാകിസ്താൻ സൈന്യം തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ആക്രമണം നടത്തിയത്. പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.
അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിൽ ഈ വർഷം ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 138 സാധാരണക്കാരും 79 പാകിസ്താൻ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള സൈനിക നടപടികളെ തുടർന്ന് ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകൾ അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വയുടെ ഉൾപ്രദേശങ്ങളിൽ പുതിയ താവളങ്ങൾ സ്ഥാപിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ മേഖലയിലെ പർവതപ്രദേശങ്ങളും അഫ്ഗാൻ അതിർത്തിയും ഭീകരർക്ക് ഒളിത്താവളങ്ങളൊരുക്കാൻ അനുകൂലസാഹചര്യമാണെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.