കോയമ്പത്തൂർ: റോളക്‌സ് എന്ന കാട്ടാനയെ പിടികൂടുന്നതിനിടെ മയക്കുവെടി വിദഗ്ധന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ആനമല കടുവ സങ്കേതത്തിലെ വെറ്ററിനറി അസിസ്റ്റന്റ് സർജൻ കെ. വിജയരാഘവനാണ് പരിക്കേറ്റത്. നട്ടെല്ലിന് പൊട്ടലും ഇടത് കൈയിലെ മോതിര വിരലിന് ഒടിവും സംഭവിച്ചു.
തൊണ്ടാമുത്തൂർ ഭാഗങ്ങളിൽ സ്ഥിരമായി ശല്യമുണ്ടാക്കുന്ന റോളക്‌സ് ആനയെ പിടികൂടി പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായ സംഘത്തിലെ അംഗമാണ് ഇദ്ദേഹം. മയക്കുവെടിയേറ്റശേഷം ഉൾക്കാട്ടിലേക്ക് പോയ ആന വെള്ളിയാഴ്ചയോടെ കാടിറങ്ങി. ആനയുടെ സ്വഭാവവും നീക്കങ്ങളും നിരീക്ഷിക്കാൻ വിജയരാഘവൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി. തിരുമുരുകൻ, മൃഗഡോക്ടർമാർ എന്നിവരും മൂന്ന് കുങ്കിയാനകളും പ്രദേശത്ത് തമ്പടിച്ചിരുന്നു.
ശനിയാഴ്ച വെളുപ്പിന് ഒരുമണിയോടെ പരമേശ്വരൻ പാളയത്തെ ഒരു സ്വകാര്യ വാഴത്തോപ്പിൽ എത്തിയ ആനയുടെ പിറകെ നീങ്ങിയ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുകയായായിരുന്നു. മറ്റുള്ളവർ ഓടി മാറിയെങ്കിലും തുമ്പിക്കൈകൊണ്ടുള്ള അടിയിൽ വിജയരാഘവൻ തെറിച്ചുവീണു.
തൊട്ടടുത്ത് വാഹനങ്ങളിലുണ്ടായിരുന്ന വനംവകുപ്പ് സംഘം ഹോൺ മുഴക്കുകയും ബഹളം െവയ്ക്കുകയും ചെയ്തതോടെ ആന കൂടുതൽ ആക്രമണങ്ങൾക്ക് മുതിരാതെ പിൻമാറി. ഉടൻതന്നെ വിജയരാഘവനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പരിക്കുകൾ ഗുരുതരമല്ലെന്നും റോളക്‌സിനെ പിടിക്കാനുള്ള സംഘത്തിൽ മറ്റൊരു ഡോക്ടറെ നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. നിരീക്ഷണത്തിൽ ആനയ്ക്ക് മദപ്പാടുള്ളതായി സംശയിക്കുന്നു. ആനയുടെ ചലനങ്ങളും സ്വഭാവവും കൂടുതൽ മനസ്സിലാക്കിയ ശേഷമേ മയക്കുവെടി ഉൾപ്പെടെയുള്ള അടുത്ത നടപടികൾ ഉണ്ടാവൂ എന്ന് അധികൃതർ അറിയിച്ചു. ആന 24 മണിക്കൂറും നിരീക്ഷണത്തിലാണ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.