ന്യൂഡൽഹി : ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് 2006 ൽ ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതിന്റെ പേരിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ അഭിനന്ദിച്ചെന്നെന്നും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവ് യാസീൻ മാലിക്.
പാക്കിസ്ഥാനുമായുള്ള സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സയീദുമായി കൂടിക്കാഴ്ച നടത്താനുള്ള നിർദേശം. ഭീകരപ്രവർത്തനത്തിനു ധനസഹായം നൽകിയെന്ന കേസിൽ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്ന മാലിക്, ഈ വർഷം ഏപ്രിലിൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ.
സയീദിനെ കണ്ടതിനു പിന്നിൽ 2005 ലെ കശ്മീർ ഭൂകമ്പത്തിനു പിന്നാലെ, ഡൽഹിയിൽവച്ച് അന്നത്തെ ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ വി.കെ. ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും സത്യവാങ്മൂലത്തിൽ മാലിക് പറയുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, സയീദ് ഉൾപ്പെടെയുള്ള ഭീകരരുമായും കൂടിക്കാഴ്ച നടത്തണമെന്നും ജോഷി ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ അർഥവത്താകണമെങ്കിൽ ഭീകരസംഘടനാ നേതാക്കളെക്കൂടി അതിന്റെ ഭാഗമാക്കണമെന്നായിരുന്നു ജോഷിയുടെ നിർദേശം. അതിന്റെ ഭാഗമായാണ് സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് അംഗങ്ങളെയും പാക്കിസ്ഥാനിലെ ഒരു പരിപാടിയിൽ വച്ച് കാണാൻ സമ്മതിച്ചതെന്നു മാലിക് പറയുന്നു.
സയീദാണ് ജിഹാദി ഗ്രൂപ്പുകളുടെ യോഗം വിളിച്ചത്. സമാധാനം വേണ്ടതിനെക്കുറിച്ചു് ആ യോഗത്തിൽ മാലിക് പ്രസംഗിച്ചു. സമാധാനം വാഗ്ദാനം ചെയ്താൽ അതു വാങ്ങണമെന്ന് താൻ അവിടെ പറഞ്ഞിരുന്നെന്നും എന്നാൽ ആ യോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ പിന്നീട് ചതിക്കപ്പെട്ടുവെന്നും കേസിൽപ്പെടുത്തി ശിക്ഷിച്ചുവെന്നും മാലിക് പറയുന്നു.
മൻമോഹൻ അഭിനന്ദിച്ചു, വാജ്പേയിയേയും കണ്ടു സയീദുമായി കൂടിക്കാഴ്ച നടത്തിയതിന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തന്നെ നേരിട്ടുകണ്ട് നന്ദി അറിയിച്ചുവെന്നും സത്യവാങ്മൂലത്തിൽ മാലിക് പറയുന്നുണ്ട്. ‘‘ഇന്ത്യയിൽ മടങ്ങിയെത്തിയതിനു പിന്നാലെ ഐബി ഉദ്യോഗസ്ഥർ ഹോട്ടലിൽ വച്ച് ഡീബ്രീഫ് ചെയ്തു.
പ്രധാനമന്ത്രിയോട് നേരിട്ടു കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അന്നു വൈകുന്നേരം തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എൻ.കെ. നാരായണനൊപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കണ്ടു. യോഗങ്ങളെക്കുറിച്ചും എന്തൊക്കെ സാധ്യതകളാണ് ഇനി ഉള്ളതെന്നതിനെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു. എന്റെ ശ്രമങ്ങൾക്കും സമയത്തിനും ക്ഷമയ്ക്കും അർപ്പണബോധത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കശ്മീരിലെ അക്രമരാഹിത്യ പ്രതിഷേധങ്ങളുടെ പിതാവായാണ് എന്നെ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു’’ – മാലിക് പറയുന്നു.
മൻമോഹൻ സിങ്ങുമായി മാത്രമല്ല മറ്റു പ്രധാനമന്ത്രിമാരുമായും പതിറ്റാണ്ടുകളായി തനിക്കു ബന്ധമുണ്ടായിരുന്ന കാര്യവും മാലിക് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ‘‘1990ലെ എന്റെ അറസ്റ്റിനുശേഷം വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്റാൾ, എ.ബി. വാജ്പേയി, മൻമോഹൻ സിങ് തുടങ്ങിയവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കശ്മീരികളുടെ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അവസരം കിട്ടി എന്നതു മാത്രമല്ല, അധികാരത്തിലിരിക്കുന്നവർ സമയാസമയങ്ങളിൽ ഇടപെട്ട് രാജ്യാന്തര വേദികളിൽ സംസാരിക്കാനും പ്രേരിപ്പിച്ചു. 1995ൽ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ’’ – മാലിക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.