കോഴിക്കോട്: ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിനെതിരെ വിമർശനവുമായി സി.കെ. ജാനു.
'നരിവേട്ട' തെറ്റായ സന്ദേശമാണ് നൽകിയതെന്ന് അവർ പറഞ്ഞു. മനുഷ്യരെ മൃഗങ്ങളെപ്പോലെ കടിച്ചുകീറാൻ വരുന്ന പോലീസുകാരെയല്ലാതെ അന്ന് ആരെയും അവിടെ കണ്ടിട്ടില്ല. എന്നാൽ 'നരിവേട്ട'യിൽ സ്ത്രീകളെയും കുട്ടികളെയും പോലീസ് സംരക്ഷിക്കുന്നതായാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.
മുത്തങ്ങയിൽ സമരം നടന്ന് 20 വർഷങ്ങൾക്കുശേഷം ആ സംഭവത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ഒരാൾക്ക് തെറ്റായ സന്ദേശമാണ് 'നരിവേട്ട' നൽകുന്നത്. മുത്തങ്ങയിൽ അന്ന് മനുഷ്യനെപ്പോലുള്ള ഒരു പോലീസുകാരനെപ്പോലും കണ്ടിട്ടില്ല. മൃഗങ്ങളുടേതിന് തുല്യമായ പെരുമാറ്റമാണ് അവരിൽനിന്നുമുണ്ടായത്.
ഏഴുപേരെ ചുട്ടുകൊല്ലുന്നതായി നരിവേട്ടയിൽ കാണിക്കുന്നുണ്ട്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അതും ഇതുപോലൊരു സമരത്തെ തെറ്റായി ചിത്രീകരിക്കുന്നതാണ്. ആദിവാസികൾ നടത്തിയ ഒരു സമരത്തെ തങ്ങൾക്ക് തോന്നുന്നതുപോലെ ചിത്രീകരിക്കുന്നത് ശരിയല്ല. സത്യം തുറന്നുകാണിക്കാൻ ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും സി.കെ. ജാനു പറഞ്ഞു.
നേരത്തേ മുത്തങ്ങ സംഭവത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ പരാമർശത്തേക്കുറിച്ചും സി.കെ. ജാനു പ്രതികരിച്ചിരുന്നു. മുത്തങ്ങയിൽ നടന്നത് ഒരു തെറ്റായ നടപടിയായിരുന്നു എന്ന തിരിച്ചറിവ് ആന്റണിക്ക് ഉണ്ടായതിൽ സന്തോഷമുണ്ടെന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഈ ഖേദപ്രകടനം അർത്ഥവത്താകണമെങ്കിൽ അതിനോടൊപ്പം ഭൂപ്രശ്‌നത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ കൂടി ഉണ്ടാകണം.
വർഷങ്ങൾ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാൽ അന്നത്തെ ക്രൂരമായ പീഡനത്തിന്റെ മുറിവുണങ്ങില്ല. പോലീസ് അന്ന് ചെറിയ കുട്ടികളെയടക്കം വളരെ ഭീകരമായിട്ട് മർദിച്ചു, തല അടിച്ചു പൊട്ടിച്ചു. തന്നെ അടക്കമുള്ള ആളുകളെ മണിക്കൂറുകളോളമാണ് പോലീസുകാർ മർദ്ദിച്ചത്. അന്ന് മുത്തങ്ങയിൽ കണ്ടത് പോലീസുകാരെയല്ല, രണ്ടു കയ്യും കാലുമുണ്ടായിരുന്ന വേട്ടപ്പട്ടികളെ പോലുള്ള മൃഗങ്ങളെയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ആര് മാപ്പ് പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ലെന്നും സി.കെ. ജാനു പറഞ്ഞു.
അബിന്‍ ജോസഫ് ആണ് 'നരിവേട്ട'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, ചേരന്‍, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയംവദ കൃഷ്ണ, ആര്യാ സലിം, റിനി ഉദയകുമാര്‍, പ്രണവ് തിയോഫിൻ എനമ്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ആര്യാ സലിം ആയിരുന്നു സി.കെ. ജാനുവിനെ അനുസ്മരിപ്പിക്കുന്ന വേഷത്തിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.