ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ടെത്തി സംഗമത്തിലേക്ക് ക്ഷണിച്ചു.
അയ്യപ്പസംഗമം മഹാ സംഭവമായി മാറുമെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും. വലിയ വരുമാന സാധ്യതയാണിത്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാം. വിവാദ വിഷയങ്ങൾ മാറ്റിവെക്കണം. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണുള്ളത്. സംഗമത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിവാദഭൂമി ആക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.
ആകെ 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംഗമത്തിൻ്റെ രജിസ്ട്രേഷൻ തുടങ്ങി. ആത്മീയ നേതാക്കളും അയ്യപ്പഭക്തരും ജനപ്രതിനിധികളും പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ലെന്നും രാഷ്ട്രീയം പാടില്ല എന്നതാണ് തീരുമാനമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. രാഷ്ട്രീയ വിമുക്തമായി ആണ് സംഗമം സംഘടിപ്പിക്കുന്നതെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാണിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫ് പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയിരുന്നില്ല. ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം എന്ത് ചെയ്തുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയാല്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താമെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.