കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാരുമായി സ്ത്രീക്ക് ശാരീരിക സമ്പര്‍ക്കം പാടില്ലെന്ന നിയമത്തെ തുടര്‍ന്നാണിത്.
പുരുഷ രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീകളെ തൊടുന്നത് വിലക്കുന്നതിനാല്‍, പലപ്പോഴും സ്ത്രീകളെയാണ് ഏറ്റവും അവസാനം രക്ഷപ്പെടുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലരെ രക്ഷപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തില്‍ 3,000 പേർ കൊല്ലപ്പെടുകയും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു.താലിബാന് സര്‍ക്കാര്‍ നടപ്പാക്കുന്ന കര്‍ശനമായ സാംസ്കാരികവും മതപരവുമായ നിയമങ്ങള്‍ പ്രകാരം, ഒരു സ്ത്രീയുടെ അടുത്ത പുരുഷ ബന്ധുവിന്- അച്ഛന്, സഹോദരന്, ഭര്‍ത്താവ് അല്ലെങ്കില്‍ മകന് എന്നിവര്‍ക്ക്- മാത്രമേ സ്പര്‍ശിക്കാന്‍ അനുവാദമുള്ളൂ. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ സ്പര്‍ശിക്കുന്നതില്‍നിന്ന് സ്ത്രീകളെയും വിലക്കിയിരിക്കുന്നു
വനിതാ രക്ഷാപ്രവര്‍ത്തകരുടെ അഭാവത്തില്‍ ഈ നിയമം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലും മറ്റ് പൊതുരംഗങ്ങളിലും സ്ത്രീകള്‍ക്ക് താലിബാന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ അനന്തരഫലമാണിത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ സ്ത്രീകളെ ചിലപ്പോള്‍ ഉപേക്ഷിക്കുകയും മരിച്ചവരെ പുറത്തെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷമായി താലിബാന് ഭരിക്കുന്ന രാജ്യത്ത് ലിംഗപരമായ നിയമങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു.ചിലര്‍ക്ക് രക്തസ്രാവമുണ്ടായിരുന്നെങ്കിലും അവരെ അവഗണണിക്കുകയാണ്. സ്ത്രീകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയോ അവര്‍ക്ക് എന്ത് വേണമെന്ന് ചോദിക്കുകയോ അവരെ സമീപിക്കുകയോ ചെയ്തില്ല. ചില സന്ദര്‍ഭങ്ങളില്‍, അയല്‍പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ സഹായത്തിനെത്തുന്നത് വരെ ഇരകളായ സ്ത്രീകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ തന്നെ കിടന്നു." സ്ത്രീകള്‍ അദൃശ്യരാണെന്ന് തോന്നി. പുരുഷന്മാരെയും കുട്ടികളെയും ആദ്യം ചികിത്സിച്ചപ്പോള്‍, സ്ത്രീകള്‍ പരിചരണത്തിനായി കാത്ത് മാറി ഇരിക്കുകയായിരുന്നു. അടുത്ത പുരുഷ ബന്ധുക്കളാരും ഇല്ലെങ്കില്‍, ശാരീരിക സമ്പര്‍ക്കം ഒഴിവാക്കാന്‍ മരിച്ചവരെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചാണ് പുറത്തെടുത്തത്." മസാര്‍ ദാരാ ഗ്രാമത്തിലെത്തിയ സന്നദ്ധപ്രവര്ത്തകന് തഹ്സീബുള്ള മുഹസേബ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു
ലിംഗഭേദം തിരിച്ചുള്ള മരണസംഖ്യ താലിബാന് പുറത്തുവിട്ടിട്ടില്ലെങ്കിലും, സ്ത്രീകള്‍ ആനുപാതികമല്ലാത്ത രീതിയില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്ന് അതിജീവിച്ചവരും ഡോക്ടര്‍മാരും സഹായപ്രവര്‍ത്തകരും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യുന്നു. പല സ്ത്രീകളും കുടുങ്ങിക്കിടക്കുകയോ ചികിത്സ കിട്ടാതിരിക്കുകയോ ചെയ്യുന്നു.വനിതാ ആരോഗ്യപ്രവര്‍ത്തകരുടെ കടുത്ത ക്ഷാമം ഭൂകമ്പം ബാധിച്ച പ്രദേശങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. 2023-ല്‍ സ്ത്രീകള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചേരുന്നത് താലിബാന് നിരോധിച്ചതിനെത്തുടര്‍ന്ന്, വനിതാ ഡോക്ടര്‍മാരും നഴ്സുമാരും, പ്രത്യേകിച്ച് ഗ്രാമീണ, ദുരന്തബാധിത പ്രദേശങ്ങളില്‍ വിരളമാണ്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍, അവരുടെ പ്രതിനിധി സന്ദര്‍ശിച്ച ഒരു ആശുപത്രിയില്‍ ഒരു വനിതാ ജീവനക്കാരി പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന് നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഷറഫത്ത് സമാന് വനിതാ ജീവനക്കാരുടെ കുറവ് അംഗീകരിച്ചെങ്കിലും, കുനാര്‍, നന്‍ഗര്‍ഹാര്‍, ലഗ്മാന്‍ പ്രവിശ്യകളിലെ ആശുപത്രികളില്‍ ഭൂകമ്പബാധിതരെ ചികിത്സിക്കാന്‍ സ്ത്രീകളുണ്ടെന്ന് അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.