ബ്യൂണസ് ഐറിസ്: അർജന്റീനയിൽ മൂന്ന് പെൺകുട്ടികളെ മയക്കുമരുന്ന് മാഫിയ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകി. ബ്യൂണസ് ഐറിസിലാണ് സംഭവം നടന്നത്. ലാര ഗുട്ടറസ് (15), സഹോദരിമാരായ ബ്രെൻഡ ഡെൽ കാസ്റ്റില്ലോ (20), മൊറീന വെർഡി (20) എന്നിവരാണ് കൊല്ലപ്പെട്ടത്
സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സെപ്റ്റംബർ 19-ന് ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തിന് ശേഷം ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.കൊലപാതകത്തിന് മുൻപുള്ള പീഡനങ്ങൾ ലഹരിസംഘം ഒരു സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു. ‘മയക്കുമരുന്ന് മോഷ്ടിക്കുന്നവർക്ക് ഇതാണ് സംഭവിക്കുക’ എന്ന് സംഘത്തലവൻ മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു
കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടികൾ അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി ഫോറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അക്രമികൾ ഇവരുടെ വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പിഴുതെടുക്കുകയും മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ഒരു പ്രാദേശിക ലഹരിമരുന്ന് സംഘമാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചിലർ പോലീസിന്‍റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽനിന്ന് കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ഹാവിയർ അലോൺസോ പറഞ്ഞു.
നിരവധി പേർ ദൃശ്യം തത്സമയം കണ്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇൻസ്റ്റാഗ്രാമിന്റെ ഉടമസ്ഥരായ മെറ്റാ ഈ ആരോപണം നിഷേധിച്ചു. ഇൻസ്റ്റഗ്രാമിൽ ഇത്തരമൊരു ലൈവ് സ്ട്രീമിംഗ് നടന്നതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മെറ്റാ വക്താവ് അറിയിച്ചു.ക്രൂരമായ കൊലപാതകങ്ങൾക്കെതിരെ ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ ബാനറുകളുമേന്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. മകൾ അനുഭവിച്ച ക്രൂരതകൾ കാരണം മൃതദേഹം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്ന് കൊല്ലപ്പെട്ട ബ്രെൻഡ എന്ന യുവതിയുടെ പിതാവ് ലിയോണൽ ഡെൽ കാസ്റ്റില്ലോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.