തിരുവനന്തപുരം: കെഎസ്ഇബിയുടെ പഴയകാലനഷ്ടമായ 6645.30 കോടിരൂപ നികത്തുന്നതിന് സാവകാശം ചോദിച്ച് റെഗുലേറ്ററി കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലം അപ്പലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്‌ട്രിസിറ്റി (ആപ്ടെൽ) തള്ളി
ഈ നഷ്ടം സുപ്രീംകോടതി നിർദേശിച്ച 2028 മാർച്ച് 30-നുമുൻപ് നികത്തുന്നതിനുള്ള രൂപരേഖ ഈ മാസം 26-നുമുൻപ് ഹാജരാക്കണം. അല്ലെങ്കിൽ കമ്മിഷന്റെ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പുനൽകി. ട്രിബ്യൂണൽ നിലപാട് കടുപ്പിച്ചസ്ഥിതിക്ക് നിരക്ക് വർധിപ്പിക്കാനുള്ള നടപടികളിലേക്ക് റെഗുലേറ്ററി കമ്മിഷന് കടക്കേണ്ടിവരും. അല്ലെങ്കിൽ സുപ്രീംകോടതി സാവകാശം അനുവദിക്കണം.രാജ്യത്തെ വൈദ്യുതിവിതരണ കമ്പനികളുടെ ഇനിയും നികത്താത്ത നഷ്ടമായ (റെഗുലേറ്ററി അസറ്റ്) 1.6 ലക്ഷം കോടി രൂപ രണ്ടരവർഷത്തിനകം നികത്തിനൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനായി റെഗുലേറ്ററി കമ്മിഷനുകൾ സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ വിധി നടപ്പാക്കാൻ ചുമതലപ്പെട്ട ട്രിബ്യൂണൽ ആവശ്യപ്പെട്ടു. വിധിയിൽ വ്യക്തതതേടി സുപ്രീംകോടതിയെ സമീപിക്കുമെന്നും 2031 വരെ സാവകാശം അനുവദിക്കണമെന്നുമാണ് കേരളത്തിലെ കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്.
റെഗുലേറ്ററി അസറ്റ് നികത്താൻ കേന്ദ്രം അനുവദിച്ചിരുന്നത് ഏഴുവർഷമാണ്. സുപ്രീംകോടതിവിധിയിൽ 2024 മുതൽ നാലുവർഷമേ അനുവദിച്ചിട്ടുള്ളൂ. അതനുസരിച്ച രണ്ടരവർഷത്തിനകം നികത്തേണ്ടിവരും. ഈ കാലപരിധിയിൽ വ്യക്തതതേടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കമ്മിഷൻ അറിയിച്ചത്.എന്നാൽ, സുപ്രീംകോടതിയെ സമീപിക്കുമെന്ന് സൂചിപ്പിക്കുന്നതല്ലാതെ എന്നാണെന്ന് വ്യക്തമാക്കാത്തത് വീഴ്ചയാണെന്ന് ട്രിബ്യൂണൽ കുറ്റപ്പെടുത്തി. സുപ്രീംകോടതിയെ സമീപിക്കാൻ കമ്മിഷന് അവകാശമുണ്ട്. സമീപിച്ചാലും ഇല്ലെങ്കിലും വിധി നിലനിൽക്കുമ്പോൾ അതനുസരിക്കാൻ ബാധ്യതയുണ്ട്. അതിനാൽ ഉടൻ ഇതിനുള്ള മാർഗരേഖ നൽകണം. നഷ്ടം നികത്താതെ കെഎസ്ഇബി എങ്ങനെ പ്രവർത്തിച്ചുവെന്ന ഓഡിറ്റ് റിപ്പോർട്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വിധിയിൽ വ്യക്തതതേടിയും ഏഴുവർഷം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഡൽഹി റെഗുലേറ്ററി കമ്മിഷൻ ഇതിനകം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.