ന്യൂഡല്‍ഹി: നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ്മാരെ നിശ്ചയിക്കാന്‍ സുപ്രീംകോടതി കൊളീജിയം ഉടന്‍ യോഗംചേരും. മേഘാലയ, കല്‍ക്കട്ട, മണിപ്പുർ, രാജസ്ഥാന് എന്നീ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ്മാരെ നിശ്ചയിക്കാനാണ് സുപ്രീംകോടതി കൊളീജിയം യോഗംചേരുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരായി പുതുതായി നിയമിക്കാന്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ പേരുകളുമുണ്ടെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ നല്കുന്ന സൂചന. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഐ.പി. മുഖര്‍ജി ഇന്നലെയാണ് വിരമിച്ചത്.മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. സോമശേഖര്‍ പതിനാലാം തീയതിയും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം പതിനഞ്ചാം തീയതിയും വിരമിക്കും. രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആര്. ശ്രീറാം 27-ാം തീയതിയാണ് വിരമിക്കുന്നത്. ഈ നാല് ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസ്മാരെ നിയമിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന.
പട്ന ഹൈക്കോടതിയിലും നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണുള്ളത്. ആക്ടിങ് ചീഫ് ജസ്റ്റിസായ കര്‍ണാടക ജഡ്ജി പി.ബി. ബജന്ത്രി അടുത്ത മാസം 22ന് വിരമിക്കും. വിരമിക്കുന്നതിന് മുമ്പ് ജസ്റ്റിസ് പി.ബി. ബജന്ത്രിയെ പട്ന ഹൈക്കോടതിയിലെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശയും സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് കൈമാറിയേക്കും. ജസ്റ്റിസ് ബജന്ത്രിയുടെ പിന്‍ഗാമിയെ സംബന്ധിച്ച ചര്‍ച്ചകളും കൊളീജിയം യോഗത്തിലുണ്ടായേക്കും.പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ. വിനോദ് ചന്ദ്രന് സുപ്രീംകോടതി ജഡ്ജിയായതിനുശേഷം കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാരാരും മറ്റ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ്മാരായി നിയമിതരായിട്ടില്ല. അതിനാല്‍ കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാര്‍ ഇത്തവണ കൊളീജിയം പരിഗണിക്കുന്ന പട്ടികയിലുണ്ടെന്നാണ് സൂചന.ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ഒന്നാമന്. ജസ്റ്റിസ്മാരായ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, അനില്‍ നരേന്ദ്രന് എന്നിവരാണ് സീനിയോറിറ്റിയില്‍ ജസ്റ്റിസ് മുഷ്താഖിന് തൊട്ടു പിന്നിലുള്ളവര്‍. ഈ മൂന്നുപേരും ജഡ്ജിമാരാകുന്നത് ഒരേ ദിവസമാണ്, 2014 ജനുവരി 23ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.