കൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമല സ്പെഷ്യൽ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിൽ കൊണ്ടുപോയതിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചു. ദേവസ്വം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ തുടങ്ങിയവരോടാണ് നിർദേശംഅറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാൻ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ ഫയൽചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
റിവ്യൂ പെറ്റിഷൻ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ്ഉടൻ തിരിച്ചുകൊണ്ടുവരാൻപറ്റാത്ത സാഹചര്യം ചൂണ്ടിക്കാണിച്ച് വ്യാഴാഴ്ച ദേവസ്വം ബെഞ്ചിൽ പെറ്റിഷൻ ഫയൽചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
സ്വർണപ്പാളി കൊണ്ടുപോയതിന് മോഷണസ്വഭാവം -ക്ഷേത്രാചാര സംരക്ഷണസമിതി
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലകശില്പങ്ങളിൽനിന്ന് സ്വർണംപൂശിയ പാളികൾ പുറത്തേക്ക് കൊണ്ടുപോയതിന് മോഷണസ്വഭാവമുണ്ടെന്ന് ക്ഷേത്രാചാര സംരക്ഷണസമിതിയോഗം ആരോപിച്ചു. ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കണം. വ്യവസ്ഥകൾ പാലിക്കാതെ, ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർപോലും അറിയാതെയാണ് രാത്രി സ്വർണപ്പാളികൾ ഇളക്കിക്കൊണ്ടുപോയത്.
കമ്മിഷണറുടെ റിപ്പോർട്ടിനെ ദേവസ്വംബോർഡ് പ്രസിഡന്റ് നിസ്സാരവത്കരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ദീപാ വർമ അധ്യക്ഷയായി. രക്ഷാധികാരി പി.എൻ. നാരായണവർമ, ജനറൽ സെക്രട്ടറി പൃഥ്വിപാൽ , കെ.ആർ. അനിൽകുമാർ, ജെ. കൃഷ്ണകുമാർ, രാജീവ് കുമാർ, ഗീതക്കുട്ടി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.