കാബൂള്‍: ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്ന് താലിബാന്. കാണ്ഡഹാറില്‍ ചേര്‍ന്ന ഉന്നതതല നേതൃയോഗത്തില്‍ താലിബാന് നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതിജ്ഞയെടുത്തു. യുഎസ് ശ്രമങ്ങളുമായി പാകിസ്താന് സഹകരിച്ചാല്‍ അത് താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി
തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സേന തിരിച്ചുപിടിക്കാനുള്ള സാധ്യതയെക്കുറിച്ച് അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താലിബാന് നിലപാട് അറിയിച്ചിരിക്കുന്നത്. താലിബാന് വഴങ്ങിയില്ലെങ്കില്‍ 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ മേധാവികള്‍, സൈനിക കമാന്‍ഡര്‍മാര്‍, ഉലമ കൗണ്‍സില്‍ എന്നിവരെ ഉള്‍പ്പെടുത്തി താലിബാന് പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ രഹസ്യയോഗം വിളിച്ചതായി താലിബാനിലെ മുതിര്‍ന്ന വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞു. ട്രംപിന്റെ പരാമര്‍ശങ്ങളും യുഎസ് സൈനിക നടപടികള്‍ക്കുള്ള സാധ്യതകളുമായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു.
ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സൈന്യത്തിന് കൈമാറാനുള്ള എല്ലാ സാധ്യതകളും താലിബാന് നേതൃത്വം ഏകകണ്ഠമായി തള്ളി. ആക്രമിക്കപ്പെട്ടാല്‍ 'യുദ്ധത്തിന് പൂര്‍ണ്ണമായി തയ്യാറെടുക്കുമെന്നും' അവര്‍ പറഞ്ഞു. പാകിസ്താനുള്ള കര്‍ശനമായ മുന്നറിയിപ്പായിരുന്നു യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്.സാധനസാമഗ്രികള്‍ നല്‍കിയോ നയതന്ത്രപരമായോ സൈനികപരമായോ ഏതെങ്കിലും തരത്തില്‍ പാകിസ്താന് അമേരിക്കയെ സഹായിക്കുകയാണെങ്കില്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് പാകിസ്താനെ ശത്രുരാജ്യമായി കണക്കാക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതായി താലിബാന് വൃത്തങ്ങള്‍ പറയുന്നു.
ആസന്നമായ ഭീഷണിയെ നേരിടാന്‍ ആഗോള, പ്രാദേശിക ശക്തികളുമായി അടിയന്തരമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന് അഖുന്ദിനെയും വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്തഖിയെയും താലിബാന് നേതൃത്വം ചുമതലപ്പെടുത്തി. താലിബാന്റെ നിലപാട് അറിയിക്കുന്നതിനും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനെതിരെയും മുന്നറിയിപ്പ് നല്കുന്നതിനുമായി റഷ്യ, ചൈന, ഇറാന്, പാകിസ്താന്, ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുംഇന്ത്യയുമായി ഇക്കാര്യം സംസാരിക്കാൻ തയ്യാറാണെന്നും താലിബാൻ വൃത്തങ്ങൾ പറയുന്നു. ബഗ്രാം വിട്ടുനല്‍കാന്‍ താലിബാന് വിസമ്മതിക്കുന്നതും പുതിയ യുദ്ധഭീഷണി മുഴക്കുന്നതും പാകിസ്താന് നല്കിയ പരസ്യമായ മുന്നറിയിപ്പും മേഖലയില്‍ അതിവേഗം രൂക്ഷമാകുന്ന സംഘര്‍ഷാവസ്ഥയുടെ സൂചനയാണ് നല്‍കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.