ന്യൂഡൽഹി∙ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനു സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെടുന്ന പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം. സോനം വാങ്ചുക്കിന്റെ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽട്ടർനേറ്റീവ്സ് ലഡാക്ക് (എച്ച്ഐഎഎൽ) വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം
വാങ്ചുക്ക് ഈ വർഷം ഫെബ്രുവരി ആറിന് പാക്കിസ്ഥാൻ സന്ദർശിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഥാപനത്തിന് ഭൂമി നൽകിയ നടപടി ഓഗസ്റ്റിൽ ലഡാക്ക് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ലഡാക്കിനു സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെട്ടു ലേയിൽ കഴിഞ്ഞദിവസം നടന്ന ഹർത്താൽ അക്രമാസക്തമായിരുന്നു.4 പേരാണ് കൊല്ലപ്പെട്ടത്. ലേ ജില്ലയിൽ നിരോധനാജ്‍ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണു നരേന്ദ്ര മോദി സർക്കാർ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. സംസ്ഥാനപദവി, ഭരണഘടനയുടെ 6–ാം ഷെഡ്യൂൾ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വർഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്സ് ബോഡിയുടെ നേതൃത്വത്തിൽ ഈ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു.ആരോഗ്യനില വഷളായ 2 പേരെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടർന്നാണ് യുവജനവിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തത്. അക്രമപാത ഉപേക്ഷിക്കാൻ യുവാക്കളോട് അപേക്ഷിക്കുന്നതായും നിരാഹാരസമരം പിൻവലിച്ചതായും നേതാക്കളിലൊരാളായ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് വ്യക്തമാക്കിയിരുന്നു.
ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനുള്ള ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ സോനം വാങ്ചുക്കിന് 2018 ൽ ഏഷ്യയിലെ ഉന്നത ബഹുമതിയായ റമൺ മാഗ്സസെ പുരസ്കാരം ലഭിച്ചിരുന്നു. ലഡാക്ക് കേന്ദ്രഭരണപ്രദേശമായതിനു പിന്നാലെ സ്വയംഭരണത്തിനുവേണ്ടി സമാധാന മാർഗത്തിലുള്ള സമരത്തിനാണ് വാങ്ചുക്ക് നേതൃത്വം നൽകിവന്നത്. പ്രക്ഷോഭം അക്രമാസക്തമായതിനുകാരണം സോനത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണെന്നാണ് കേന്ദ്രസർക്കാരിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.