ഇസ്ലാമാബാദ്: പാകിസ്താന് സര്‍ക്കാരിനെതിരേ പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറബാദില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സ് അംഗങ്ങള്‍ ആയുധങ്ങളുമായി നേരിട്ടതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരേ ആയുധധാരികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് സൈനികരും സമരക്കാര്‍ക്ക് നേരേ വെടിവെപ്പ് നടത്തി. ഇതിനിടെ സമരക്കാര്‍ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞുവെച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേയാണ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീരിലെ സാധാരണക്കാര്‍ സംഘടിച്ചത്. ഇവര്‍ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പാക് സൈന്യവും ഐഎസ്ഐയും സഹായങ്ങള്‍ നല്കുന്ന മുസ്ലിം കോണ്‍ഫറന്‍സ് സംഘടനയിലെ അംഗങ്ങള്‍ ഇവരെ ആയുധങ്ങളുമായി നേരിടുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മേഖലയിലെ വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. ഗതാഗതസംവിധാനങ്ങളും നിര്‍ത്തിവെച്ചു. ഇതിനുപിന്നാലെയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.പിഒകെ അസംബ്ലിയില്‍ കശ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണംചെയ്ത 12 സീറ്റുകള്‍ റദ്ദാക്കുക എന്നതടക്കം 38 ആവശ്യങ്ങളാണ് അവാമി ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്. ''70 വര്‍ഷത്തിലേറെയായി ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കായാണ് ഈ പ്രചാരണവും പ്രതിഷേധവും. ഒന്നുകില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ ജനങ്ങളുടെ രോഷം അഭിമുഖീകരിക്കുക'', അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞുഈ സമരം 'പ്ലാന്‍ എ' മാത്രമാണെന്നും ഷൗക്കത്ത് നവാസ് മിര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മുന്നറിയിപ്പ് നല്കി. ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നുവെന്ന കാര്യം അധികാരികളെ അറിയിക്കാനുള്ള സന്ദേശമാണിത്. അവാമി ആക്ഷന്‍ കമ്മിറ്റിക്ക് മറ്റു പദ്ധതികളുണ്ടെന്നും അതിനുപുറമേ അതിതീവ്രമായ പ്ലാന്‍ ഡിയും ഉണ്ടെന്നും നവാസ് മിര്‍ പറഞ്ഞു.അതേസമയം, പാക് അധീന കശ്മീരിലെ പ്രതിഷേധം നേരിടാനായി ആയിരക്കണക്കിന് സൈനികരെയാണ് മേഖലയില്‍ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. ഇസ്ലാമാബാദില്‍നിന്ന് ആയിരത്തോളം സൈനികരേക്കൂടി തിങ്കളാഴ്ച ഇവിടേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും പാക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.