ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ത്യ - പാകിസ്ഥാന് സ്വപ്ന ഫൈനല്‍. സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന് ഫൈനലില്‍ പ്രവശിച്ചത്. പാകിസ്ഥാന് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ 124-9 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ചെറിയ സ്കോര്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം പാകിസ്ഥാന് ജയം സമ്മാനിക്കുകയായിരുന്നു.
136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. ഓപ്പണര്‍ പര്‍വേസ് ഹുസൈന് ഈമോന്റെ വിക്കറ്റ് 0(2) ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. മൂന്നാമനായി എത്തിയ തൗഹിദ് ഹൃദോയ് 5(10), മറ്റൊരു ഓപ്പണര്‍ സെയ്ഫ് ഹസന് 18(15) എന്നിവരും മടങ്ങിയപ്പോള്‍ 5.1 ഓവറില്‍ 29ന് മൂന്ന് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മെഹദി ഹസന് 11(10), നൂറുല്‍ ഹസന് 16(21) എന്നിവരും മടങ്ങിയപ്പോള്‍ സ്കോര്‍ 11.4 ഓവറില്‍ 63ന് അഞ്ച്.റണ്‍നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ ക്യാപ്റ്റന്‍ ജേക്കര്‍ അലി 5(9)യും വീണപ്പോള്‍ ബംഗ്ലാദേശ് പരാജയത്തെ ഉറ്റുനോക്കി. സ്കോര്‍ 13.5 ഓവറില്‍ 73ന് ആറ്. ഒരറ്റത്ത് ഷമീം ഹുസൈന് നിലയുറപ്പിച്ചപ്പോള്‍ ബംഗ്ലാദേശിന് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. ഷഹീന് ഷാ അഫ്രീദി എറിഞ്ഞ 17ാം ഓവറില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് ഷമീം ഹുസൈന് 30(25) പുറത്തായതോടെ 97ന് 7 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണു. പകരം ക്രീസിലെത്തിയത് ലെഗ് സ്പിന്നര്‍ റിഷാദ് ഹുസൈന്.
അവസാന മൂന്ന് ഓവറുകളില്‍ ബംഗ്ലാദേശിന് വേണ്ടിയിരുന്നത് 39 റണ്‍സ്. 18ാം ഓവറില്‍ തന്‍സീബ് ഹസന് സക്കീബും താസ്കിന്‍ അഹമ്മദും റൗഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ പാകിസ്ഥാന് ജയം ഉറപ്പിക്കുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഷഹീന് ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സയീം അയൂബിന് രണ്ട് വിക്കറ്റും മുഹമ്മദ് നവാസിന് ഒരു വിക്കറ്റും ലഭിച്ചു.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് ആണ് നേടിയത്. മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും. മുന്‍നിര ബാറ്റിംഗ് മറന്ന മത്സരത്തില്‍ ഓള്‍റൗണ്ടര്‍മാരുടെ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്
ഓപ്പണര്‍മാരായ സഹിബ്സദാ ഫര്ഹാന് 4(4), ഫഖര്‍ സമന് 13(20) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നാമനായി ക്രീസിലെത്തിയ സയീം അയൂബ് പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റന്‍ സല്മാന് അലി ആഗ 19(23) ഒരിക്കല്‍ക്കൂടി നിറംമങ്ങി. ഹുസൈന് തലാത് 3(7) റണ്‍സ് നേടി പുറത്തായി. 10.5 ഓവറില്‍ 49ന് അഞ്ച് എന്ന നിലയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് 31(23), ഷഹീന് ഷാ അഫ്രീദി 19(13), മുഹമ്മദ് നവാസ് 25(15) എന്നിവരുടെ ബാറ്റിംഗ് പ്രകടനം പാകിസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.ഫഹീം അഷ്റഫ് 14*(9), ഹാരിസ് റൗഫ് 3*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഫാസ്റ്റ് ബൗളര്‍ താസ്കിന്‍ അഹമ്മദ് ബൗളിംഗില്‍ തിളങ്ങി. മഹദി ഹസന്, റിഷാദ് ഹുസൈന് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്മാന് ഒരു വിക്കറ്റ് വീഴ്ത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.