തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കേരളാ പോലീസിന് അപമനകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്യധികം വേദനയോടെയാണ് ദൃശ്യങ്ങള്‍ കണ്ടത്. മനഃസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത ഈ നടപടി കേരളാ പോലീസിന് അപമാനകരമാണ്
ഒരു കാരണവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടിച്ചുകൊണ്ടുപോയി, വഴിയിലും വാനിലും പോലീസ് സ്റ്റേഷനിലുംവെച്ച് ഇത്രയും ഭീകരമായി മര്‍ദിക്കുകയും കേള്വിശക്തിപോലും നഷ്ടപ്പെടുത്തുകയും ചെയ്തത് മനുഷ്യത്വരഹിതമാണ്. സുജിത്തിനെ വിളിച്ചിരുന്നു. ഈ 17-ാം തീയതി ആ യുവാവിന്റെ വിവാഹമാണ്. താന്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും ചെന്നിത്തല അറിയിച്ചു.കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ കോണ്സെന്ട്രേഷന് ക്യാമ്പുകളായി മാറുന്നു എന്നത് ദുഃഖകരമാണ്. ഇതൊരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ക്ക് നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ഉന്നതതല ശ്രമങ്ങള്‍ ക്രൂരമാണ്. ഈ ഉദ്യോഗസ്ഥരെ ഉടന്‍ സര്‍വീസില്‍നിന്ന് പുറത്താക്കണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണം. മാതൃകാപരമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു. അത് ചെയ്യാതെ ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന 'ആഗോള അയ്യപ്പ സംഗമം', തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനാടകമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതീ പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപകലുഷിതമാക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണം. തിരുത്തിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.ശബരിമലയില്‍ വരുന്ന ഭക്തരെ 'പ്രിവിലേജ്ഡ് ക്ലാസ്' എന്ന് തരംതിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. 'ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില്‍ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തര്‍ക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം', ചെന്നിത്തല ആവശ്യപ്പെട്ടു.യു.ഡി.എഫ് സര്‍ക്കാരാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവിലെ സര്‍ക്കാരിന്റെ നിലപാടുകള്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഭക്തജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ള ഈ ശ്രമം കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായി തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ത്രീ പ്രവേശനത്തിനെതിരേ സമരംചെയ്തതിന് തനിക്കും ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവര്‍ക്കെതിരേ കേസുണ്ടായിരുന്നു. അവസാനം റാന്നി കോടതിയാണ് അത് തള്ളിയത്. ഭക്തജനങളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരാണിത്. അതില്‍ ജനങ്ങളോട് മാപ്പുപറയാതെ എന്തു കാണിക്കുന്നതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.