കണ്ണൂർ: സിവിൽ പോലീസ് ഉദ്യോഗസ്ഥർമുതൽ ഉന്നതതലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർവരെ കൈക്കൂലി വാങ്ങാൻ സാധ്യതയുള്ള വഴികൾ തേടി പോലീസിൽ രഹസ്യാന്വേഷണം. ആരും അറിയാതെയും കൈയോടെ പിടിയിലാകാതെയും പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന പുതിയ വഴികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
കരിങ്കൽ-ചെങ്കൽ ക്വാറികൾ, മണൽ-ചെമ്മണ്ണ് കടത്ത്, അബ്കാരി, ഒറ്റനമ്പർ ചൂതാട്ടം, മഡ്ക, സംസ്ഥാന അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ തുടങ്ങിയ സ്ഥിരം വരുമാന കേന്ദ്രങ്ങളുമായുള്ള ഇടപാടുകൾ തുടങ്ങിയവയെല്ലാം റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. അന്വേഷണഘട്ടത്തിലുള്ള കേസിൽ ഒരാളെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതും ചിലർ 'പണം' വരുന്ന വഴിയാക്കാറുണ്ട്. ഇതു സംബന്ധിച്ചും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.യൂണിഫോമിട്ട് ജോലിചെയ്യുന്ന സമയത്ത് ആരും കൈക്കൂലി വാങ്ങുന്നില്ല. രാത്രിയാണ് ജോലിയെങ്കിൽ അതിന് മുൻപേ സ്വകാര്യ വാഹനത്തിൽ പോയി പണം വാങ്ങും. എന്നിട്ട് തടസ്സമില്ലാത്ത കടത്തിന് വഴിയൊരുക്കും. കടത്തിന് കണ്ണുചിമ്മി ജോലിക്കുശേഷം വീട്ടിലേക്കുളള വഴിയിൽ പണം പറ്റുന്നവരും ഉണ്ട്. കടത്തുകാർ ഇത്തരം കൈക്കൂലി വിജിലൻസിനും മറ്റും ഒറ്റിക്കൊടുക്കില്ലെന്ന വിശ്വാസവും നിലവിലുണ്ട്. ചെറിയ കൈക്കൂലി നൽകിയാൽ വലിയ കടത്ത് നടത്താമെന്ന സൗകര്യ സാമ്പത്തികശാസ്ത്രമാണ് ഇതിന് പിന്നിൽ
ചെങ്കല്ല് കടത്താൻ നിയമപ്രകാരം പാസ് വേണം. കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്വാറികളിലേറെയും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ പാസുകൾ കിട്ടില്ല. എന്നാൽ, നിർമാണ മേഖലയിലെ ആവശ്യം കണക്കിലെടുത്ത് കല്ലുകടത്ത് വ്യാപകവുമാണ്. ചെറിയ തുകയ്ക്കുള്ള പിഴ ഈടാക്കി വാഹനം വിട്ടുകൊടുക്കും. പിന്നീട് ബാക്കി പണം കൈക്കൂലിയായി വാങ്ങുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കരിങ്കൽ ക്വാറിയിൽ പാറപൊട്ടിക്കാനായി ഡിറ്റനേറ്ററും ഫ്യൂസ് വയറും അലുമിനിയം പൊടിയും സംഭരിക്കേണ്ടതുണ്ട്. അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുന്നതും കണ്ടില്ലെന്ന് വരുത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരിലേക്ക് നേരിട്ടാണ് ആ വഴിയുള്ള കൈക്കൂലി എത്തുന്നത്.
അന്യ സംസ്ഥാന മണൽ വലിയ ലോറികളിൽ രാത്രി വ്യാപകമായി കടത്തുന്നുണ്ട്. അതിന് കടത്തുകാർ പിടിക്കുന്നത് ലോറി പോകുന്ന വഴിയിലെ സ്റ്റേഷൻ ഓഫീസർമാരെയാണ്. അത്തരം ലോറികളുടെ വഴി തടസ്സമില്ലാതെ 'ക്ലിയർ' ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് സാധാരണ ചെയ്യാനുള്ളതെന്ന് പോലീസുകാർക്കെല്ലാം അറിയുന്ന രഹസ്യമാണ്.പണമായി മതി കൈക്കൂലി
കൈക്കൂലി സ്വർണമായും കല്ലായും മണലായും സമ്മാനമായും വാങ്ങുന്നവർ കുറവാണ്. എന്നാൽ, വീട് നിർമാണ വേളയിൽ ചിലർ ഇതെല്ലാം 'സൈറ്റിൽ' 'സെറ്റ്' ചെയ്യാറുണ്ട്. കൂടുതൽ പേരും പണമായാണ് കൈക്കൂലി കൈപ്പറ്റുന്നത്. അക്കൗണ്ടിലും ഗൂഗിൾ പേയിലും ആരും വാങ്ങില്ല. ബിനാമിയെ വിശ്വസിക്കാനാകാത്തതിനാൽ നേരിട്ടുള്ള ഇടപാടുകളിലാണ് പലർക്കും വിശ്വാസം. അവധിയെടുത്ത് യൂണിഫോമില്ലാതെ 'ഇടപാടിന്' ഇറങ്ങുന്നവരും ഉണ്ട്.
എടിഎം കാർഡും പിൻ നമ്പറും കൈമാറുന്നവരും ഉണ്ട്. വീട്ടിലേക്കുള്ള വഴിയിൽ ഏതെങ്കിലും എടിഎം കൗണ്ടറിൽ കയറി ആ കാർഡും പിൻ നമ്പറും ഉപയോഗിച്ച് കൈക്കൂലി സ്വന്തമായി പിൻവലിക്കുകയാണ് മറ്റൊരു രീതി.
കോഴിക്കെട്ടിലും മറിയും ലക്ഷങ്ങൾകർണാടകയിൽനിന്ന് എത്തിക്കുന്ന ഇുപത്തയ്യായിരവും മുപ്പതിനായിരവും വിലയുള്ള കോഴികൾ തമ്മിൽ നടക്കുന്ന 'യുദ്ധ'ത്തിൽ മണിക്കൂറുകൾക്കിടയിൽ മറിയുന്നത് ലക്ഷങ്ങളാണ്. കേരള-കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആഘോഷങ്ങളുടെ ഓരംപറ്റിയുളള ഇത്തരം കോഴിക്കെട്ടുകൾ നടത്താൻ ചത്തകോഴിയും കൈനിറയെ പണവും എത്തിക്കുന്ന പതിവുമുണ്ട്. പങ്ക് കൃത്യമായി എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ നേരം പുലരുമ്പോഴേക്കും അങ്കക്കാരനും കോഴിയും സ്റ്റേഷനിൽ എത്തുമെന്നുറപ്പാണ്. അത് ഒഴിവാക്കാനാണ് കെട്ടിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ 'ദക്ഷിണ' ഉറപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.