ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനങ്ങളില്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിആര്‍പിഎഫ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു
ഈ വിഷയം താങ്കളുടെ സുരക്ഷയെ സംബന്ധിച്ച് അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സിആര്‍പിഎഫ് രാഹുല്‍ ഗാന്ധിക്കും പ്രത്യേക കത്ത് നല്‍കിയിട്ടുണ്ട്.ഇത്തരം വീഴ്ചകള്‍ വിവിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തുമെന്നും രാഹുലിനെ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും കത്തില്‍ സിആര്‍പിഎഫ് ചൂണ്ടിക്കാട്ടി. ഭാവിയിലെ യാത്രകളില്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സെപ്റ്റംബര്‍ 10 ന് ഇരു നേതാക്കള്‍ക്കും കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇറ്റലി, വിയറ്റ്നാം, ദുബായ്, ഖത്തര്‍, ലണ്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രകളെ സിആര്‍പിഎഫ് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ആരെയും അറിയിക്കാതെ' വിദേശയാത്രകള്‍ നടത്തുന്നു എന്നും അദ്ദേഹം സുരക്ഷയെ 'ഗൗരവമായി' കാണുന്നില്ലെന്നും സിആര്‍പിഎഫ് വിവിഐപി സുരക്ഷാ മേധാവി സുനില്‍ ജൂണ്‍ ആരോപിച്ചു.
സിആര്‍പിഎഫിന്റെ യെല്ലോ ബുക്കില്‍ പരാമര്‍ശിച്ചിട്ടുള്ള ചട്ടങ്ങള്‍ രാഹുൽ ലംഘിക്കുകയാണെന്നും കത്തില്‍ പറയുന്നു. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നോ ഖാര്‍ഗെയില്‍ നിന്നോ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നോ പ്രതികരണങ്ങള്‍ വന്നിട്ടില്ല.
രാഹുല്‍ ഗാന്ധിക്ക് നിലവില്‍ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണ്‍ (ASL) ഉള്‍പ്പെടെയുള്ള Z പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. കാര്യമായ സുരക്ഷാ ഭീഷണിയുള്ള വ്യക്തികള്‍ക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയാണ് സെഡ് പ്ലസ് ASL. കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏകദേശം 55 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും.അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണ്‍ പ്രകാരം, സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലയിലുള്ള വിഐപി സന്ദര്‍ശിക്കാനിരിക്കുന്ന സ്ഥലത്ത് പ്രാദേശിക പോലീസിന്റെയും രഹസ്യന്വേഷണ ഏജന്‍സികളുടെയും സഹകരണത്തോടെ മുന്‍കൂട്ടി നിരീക്ഷണം നടത്താറുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സുരക്ഷയെ സംബന്ധിച്ച് സിആര്‍പിഎഫ് കത്തെഴുതുന്നത് ഇത് ആദ്യമായല്ല. 2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി 2022-ല്‍ സിആര്‍പിഎഫ് അറിയിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി ഘട്ടത്തിലുണ്ടായ ലംഘനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
2023-ല്‍ ഭാരത് ജോഡോ യാത്രയുടെ കശ്മീര്‍ ഘട്ടത്തില്‍, രാഹുല്‍ ഗാന്ധി കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിച്ചപ്പോള്‍ അപ്രതീക്ഷിതമായ വലിയ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചകളുണ്ടായതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഹുല്‍ ജനക്കൂട്ടത്തിനിടയില്‍ കുടുങ്ങിപ്പോയെന്നും ഏകദേശം 30 മിനിറ്റോളം അദ്ദേഹത്തിന് മുന്നോട്ട് നീങ്ങാനായില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുകയുണ്ടായി.
ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ഡിസംബര്‍ 24-ന് ഭാരത് ജോഡോ യാത്ര ദേശീയ തലസ്ഥാനത്ത് പ്രവേശിച്ചപ്പോള്‍ 'സുരക്ഷാ വീഴ്ചകള്‍' ഉണ്ടായതായി ആരോപിച്ച് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.ഏറ്റവും ഒടുവിലായി കഴിഞ്ഞ മാസം ബിഹാറിലെ 'വോട്ടര്‍ അധികാര്‍ യാത്ര'യില്‍ രാഹുല്‍ ഗാന്ധിയെ അജ്ഞാതനായ ഒരാള്‍ പെട്ടെന്ന് മുറുകെ കെട്ടിപ്പിടിക്കുകയും തോളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. ബൈക്കിലായിരുന്ന രാഹുല്‍ വാഹനം നിയന്ത്രിക്കാന്‍ പാടുപെട്ടപ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറിയ ആളുടെ മേല്‍ ചാടിവീഴുകയും അയാളെ തള്ളിമാറ്റുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.