തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശിവഗിരിയിൽ പൊലീസ് ഇടപെടൽ നടത്തിയത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണെന്നും അതിൽ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.
മുത്തങ്ങ സംഭവത്തിലും അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ എ കെ ആന്‍റണി മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദരപൂർവമായ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളത്. 1995ൽ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാൽ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിർഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു
ശിവഗിരിയിൽ ആദ്യം പൊലീസ് ഇടപെടൽ നടത്താൻ സർക്കാർ തയ്യാറായിരുന്നില്ല. ഹൈക്കോടതി ജഡ്ജിയിൽനിന്നും നിർദേശം വന്നതോടെയാണ് ഇടപെട്ടത്. എന്ത് പ്രത്യാഘാതം ഉണ്ടായാലും പൊലീസ് അധികാരങ്ങൾ ഉപയോഗിക്കണം എന്നായിരുന്നു ജഡ്ജിയുടെ നിർദേശം. കോടതിയലക്ഷ്യം ഉണ്ടാകുമെന്നും ജഡ്ജി വ്യക്തമാക്കിയതോടെയാണ് പൊലീസിനെ ഉപയോഗിക്കേണ്ടി വന്നത്. അന്ന് അവിടെ ഓടിക്കൂടിയവർ പലതരക്കാരാണെന്നും അതൊന്നും താൻ വിശദീകരിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. സർക്കാരല്ല ശിവഗിരിയിലെ സാഹചര്യം ഉണ്ടാക്കിയതെന്നും അത് ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ആന്റണി വ്യക്തമാക്കി21 വർഷമായി സിപിഐഎം ഇത് പാടിനടക്കുകയാണ്. ശിവഗിരി പൊലീസ് നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ഇ കെ നായനാരുടെ സർക്കാരിന്റെ കാലത്ത് നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണ നമ്പ്യാർ കമ്മിഷൻ റിപ്പോർട്ട് വീണ്ടും പരസ്യപ്പെടുത്തണം. ആ ഒരേയൊരു അഭ്യർത്ഥനയേ മുഖ്യമന്ത്രിയോടും സർക്കാരിനോടും തനിക്കുള്ളൂവെന്നും ആന്റണി പറഞ്ഞു.അതേസമയം മുത്തങ്ങ വെടിവെപ്പിൽ തനിക്ക് ദുഃഖമുണ്ടെന്ന് ആന്റണി വ്യക്തമാക്കി. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേൾക്കേണ്ടി വന്നത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും പ്രസിദ്ധീകരിക്കണം. മാറാട് കലാപത്തിലും റിപ്പോർട്ട് പുറത്തുവരട്ടേയെന്നും ആന്റണി പറഞ്ഞു
താൻ ഡൽഹിക്ക് പോയതോടെ സത്യം പറയാൻ ആരും ഇല്ലാതെയായി. താൻ മരിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്നു പറയും. തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആളുകളുടെ ചോര കണ്ടാൽ തനിക്ക് സന്തോഷം വരില്ല. ജീവിതത്തിൽ ശരികളും തെറ്റുകളുമുണ്ട്. ശിവഗിരിയിലെ പൊലീസ് നടപടി ഒഴിവാക്കാൻ താൻ ശ്രമിച്ചതാണെന്നും ആന്റണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.