ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികൾ. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ. എൻഡിഎ സ്ഥാനാർഥി മഹാരാഷ്ട്രാ ഗവർണർ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും കക്ഷിനേതാക്കളെയും എംപിമാരെയും നേരിൽക്കണ്ട് പിന്തുണതേടി. സി.പി. രാധാകൃഷ്ണന് വ്യക്തമായ മേൽക്കൈയുണ്ട്.വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയുമുണ്ട്. അപ്രതീക്ഷിത കോണുകളിൽനിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി. ഏഴ് അംഗങ്ങളുള്ള ബിജെഡി, നാല് അംഗങ്ങളുള്ള ബിആർഎസ്, ഓരോ അംഗങ്ങൾ വീതമുള്ള അകാലിദൾ അടക്കം മൂന്നു പാർട്ടികൾ മൂന്നു സ്വതന്ത്രൻമാർ എന്നിവർ നിലപാട് വ്യക്തമാക്കിയിട്ടില്ല. 788 പേരാണ് ഇലക്ടറൽ കോളേജിലുള്ളത്.ഒഴിവുകൾ മാറ്റിനിർത്തിയാൽ ഇത് 781 ആണ്. ഭൂരിപക്ഷത്തിന് 391 വോട്ടുകൾ വേണം. എൻഡിഎയ്ക്ക് 422 അംഗങ്ങളുണ്ട്. ചെറുപാർട്ടികളുടെ പിന്തുണ ലഭിക്കുമെന്നതിനാൽ സി.പി. രാധാകൃഷ്ണന് 435-നുമേൽ വോട്ടുകൾ ലഭിക്കുമെന്നാണ് എൻഡിഎ പ്രതീക്ഷ.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യേണ്ട രീതിയെക്കുറിച്ച് പ്രതിപക്ഷ എംപിമാർക്ക് വിശദീകരിക്കാൻ തിങ്കളാഴ്ച മോക്ക് പോൾ നടത്തും. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അറിയിച്ചു. കശ്മീരിലെ ബാരാമുളയിൽ നിന്ന് ലോക്‌സഭയിലെത്തിയ എൻജിനിയർ റാഷിദ് എന്ന ഷെയ്ഖ് അബ്ദുൾ റാഷിദിന് വോട്ടുചെയ്യാൻ കോടതി അനുമതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.