എറണാകുളം: ഭാര്യമാരെ സംരക്ഷിക്കാനാകാത്ത പുരുഷന്മാര് ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് ചെലവിന് നല്‍കാത്തതിനെതിരെ കോടതിയെ സമീപിച്ച ഒരു സ്ത്രീയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
39കാരിയായ പെരിന്തല്‍മണ്ണ സ്വദേശിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിമാസം പതിനായിരം രൂപ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. നിലവില്‍ താന്‍ പിച്ചയെടുത്താണ് ജീവിക്കുന്നതെന്നും ഇവര്‍ കോടതിയെ ബോധിപ്പിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ നിരീക്ഷണം നടത്തിയത്.നേരത്തെ കുടുംബക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇവരുടെ ഹര്‍ജി തള്ളുകയായിരുന്നു. ഭിക്ഷയെടുത്ത് ജീവിക്കുന്ന പാലക്കാട് കുമ്പിടി സ്വദേശിയായ 46 വയസുള്ള ഭര്‍ത്താവ് ഇവര്‍ക്ക് ചെലവിന് നല്‍കണമെന്ന് വിധിക്കാനാകില്ലെന്നാണ് കുടുംബകോടതി ചൂണ്ടിക്കാട്ടിയത്. പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരരുതെന്നും കോടതി പരിഹാസ രൂപേണ പറഞ്ഞിരുന്നു.ഭര്‍ത്താവ് അത്ര നിഷ്കളങ്കനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്ധനും യാചകനുമായ ഇയാള്‍ രണ്ടാം ഭാര്യയോട് താന്‍ മൂന്നാമതൊരു വിവാഹം കൂടി കഴിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ടെന്നും കോടതി എടുത്ത് പറഞ്ഞു. ഇയാള്‍ക്ക് വിവിധ സ്രോതസുകളില്‍ നിന്നായി 25000രൂപ പ്രതിമാസ വരുമാനമുണ്ടെന്നും കോടതി പറഞ്ഞു. അത് കൊണ്ട് തന്നെ പരാതിക്കാരിക്ക് പ്രതിമാസം പതിനായിരം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇയാള്‍ ഇപ്പോള്‍ ആദ്യ ഭാര്യയ്ക്കൊപ്പമാണ് താമസം.ഭര്‍ത്താവ് നിരന്തരം ഭാര്യയെ മര്‍ദ്ദിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ജഡ്ജിമാര്‍ റോബോട്ടുകളല്ലെന്നും കേസിന്റെ പ്രത്യേക സ്വഭാവം ചൂണ്ടിക്കാട്ടി കോടതി സൂചിപ്പിച്ചു. ഇയാള്‍ മുസ്ലീം സമുദായത്തില്‍ പെട്ട ആളായതിനാല്‍ രണ്ടോ മൂന്നോ വിവാഹം കഴിക്കാം. എന്നാല്‍ രണ്ടാം ഭാര്യയ്ക്ക് ചെലവിന് കൊടുക്കാനാകാത്ത ഒരാള്‍ മൂന്നാമതൊരു വിവാഹം കൂടി കഴിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.കേവലം ഒരു യാചകന്, അയാള്‍ മുസ്ലീമായത് കൊണ്ട് മാത്രം തുടര്‍ച്ചയായി വിവാഹം കഴിക്കുന്നത് അംഗീകരിക്കാനാകില്ല. മുസ്ലീം സമുദായത്തില്‍ ഇത്തരത്തിലുള്ള വിവാഹങ്ങളുണ്ടാകുന്നത് വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഖുറാന് ഏകഭാര്യത്വത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ചില കാര്യങ്ങളില്‍ മാത്രമാണ് ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നതെന്നും ഖുറാന് സൂക്തങ്ങള്‍ ഉദ്ധരിച്ച് കോടതി പ്രസ്താവിച്ചു. എല്ലാ ഭാര്യമാരോടും തുല്യനീതി പുലര്ത്താനാകുന്നവര്ക്ക് മാത്രമേ ഒന്നിലധികം വിവാഹം കഴിക്കാന്‍ പരിശുദ്ധ ഖുറാന് അനുമതി നല്‍കുന്നുള്ളൂവെന്നും കോടതി പറഞ്ഞു.
ഭിക്ഷാടനം ഒരു ഉപജീവനമാര്‍ഗമായി അംഗീകരിക്കാനാകില്ല. ആരും ഭിക്ഷാടനത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ഉത്തരവാദിത്തമാണ്. ഇത്തരക്കാര്‍ക്ക് ഭരണകൂടം ആഹാരവും ഭക്ഷണവും ഉറപ്പാക്കണം.
ശ്രീനാരായണ ഗുരുവിന്റെ ദൈവദശകവും കോടതി പരാമര്‍ശിച്ചു. പള്ളിക്ക് മുന്നില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്നൊരാള്‍ ഒന്നിന് പിറകെ ഒന്നായി വിവാഹം കഴിക്കുന്നത് മുസ്ലീം സമുദായത്തിന്റെ മൗലിക തത്വങ്ങള്‍ അറിയാത്തത് കൊണ്ടാണ്. ഇയാള്‍ക്ക് മതിയായ കൗണ്‍സിലിങ് നല്‍കണം. മുസ്ലീം സമുദായത്തില്‍ ഇത്തരത്തില്‍ ബഹുഭാര്യത്വത്തിന് ഇരയായി ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവിന്റെ പകര്‍പ്പ് സാമൂഹ്യ ക്ഷേമ വകുപ്പിന് അനന്തര നടപടികള്‍ക്കായി എത്തിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത നേതാക്കളടക്കമുള്ളവരുടെയും വിദഗ്ദ്ധ കൗണ്‍സിലര്‍മാരുടെയും സേവനം ഇയാള്‍ക്ക് ഉറപ്പാക്കണം.
ഒരു യാചകനോട് ഭാര്യയ്ക്ക് പ്രതിമാസം ചെലവിന് നല്‍കണമെന്ന് ഉത്തരവിടാന്‍ ആകില്ലെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതിയും ആവര്‍ത്തിച്ചു. എന്നാല്‍ പരാതിക്കാരിക്ക് ഭക്ഷണവും വസ്ത്രവും അടക്കമുള്ളവ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.