പത്തനംതിട്ട : 2012ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് മുൻ എസ്എഫ്ഐ നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്‍റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ് താൻ നേരിട്ട മര്‍ദനത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ആലപ്പുഴ ഡിവൈഎസ്പിയും കോന്നിയിലെ മുൻ സിഐയുമായിരുന്ന മധു ബാബുവിനെതിരെയാണ് ആരോപണം. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചെന്നും കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചുവെന്നും ജയകൃഷ്ണന്‍ ആരോപിക്കുന്നു.പോസ്റ്റ് ഇങ്ങനെ
‘‘മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫിസർമാർ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കുന്നു. അൽപ്പം പഴയൊരു കഥ പറയട്ടെ. ഞാൻ എസ്എഫ്ഐ ഭാരവാഹി ആയിരിക്കുമ്പോഴാണ് (യുഡിഎഫ് ഭരണകാലത്ത്) അന്നത്തെ കോന്നി സിഐ മധുബാബു എന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത്. ഇത് പറഞ്ഞാൽ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും. എന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം. 6 മാസം ഞാൻ മെഡിക്കൽ കോളജിൽ ചികിത്സതേടി. അന്നത്തെ ഭരണകൂടം എന്നെ 3 മാസത്തിൽ അധികം ജയിലിൽ അടച്ചു. ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകൾ എടുത്തത്. എടുത്ത കേസുകളിൽ എല്ലാം ഇന്ന് വെറുതെ വിട്ടു. ഞാൻ അന്ന് മുതൽ തുടങ്ങിയ പോരാട്ടമാണ് പൊലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ.’’
‘‘കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു. അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കർ ഇന്നത്തെ ഐജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. പൊലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ആ റിപ്പോർട്ട് ഇതുവരെ നടപ്പിലാക്കിയില്ല? നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തേ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പൊലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു. ഇനി പരാതി പറയാൻ ആളില്ല. എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ഞാൻ പൊലീസ് ക്രിമിനൽസിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ഇനി ഹൈക്കോടതിയിൽ കേസ് നടത്താനുള്ള തയാറെടുപ്പിലാണ്. മരണം വരെയും പോരാടും. കാശു തന്നാൽ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനൽ പൊലീസുകാർ അറിയണം.’’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.