കണ്ണൂർ: ഒൻപതാംക്ലാസ് വിദ്യാർഥി പരീക്ഷാ ചോദ്യക്കടലാസിൽ കുറിച്ച അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും വെറും കൗതുകമാണോ എന്നന്വേഷിക്കാൻ പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും.
കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥി ഈ മാസം നടന്ന പാദവാർഷിക പരീക്ഷയിലെ സാമൂഹ്യശാസ്ത്രം ചോദ്യക്കടലാസിന്റെ ഒന്നാം പേജിലാണ് ഭീകരസംഘടനകളുടെ പേരുകൾ എഴുതിയത്. കൈത്തോക്കിൽനിന്ന് ചിതറുന്ന വെടിയുണ്ടകളുടെയും വാളുകളുടെയും ചിത്രങ്ങൾക്കൊപ്പമാണ് ഭീകരസംഘടനകളുടെ പേരുകൾ തെറ്റില്ലാതെ ചെറുതും വലുതുമായ അക്ഷരത്തിലെഴുതിയത്.സ്കൂൾ അധികൃതർ സംഭവം അറിയിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കും. പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന കുട്ടി തീവ്രവാദസംഘടനകളുടെ പേരുകൾ കൃത്യമായി എങ്ങനെ മനസ്സിലാക്കിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ചോദ്യക്കടലാസിന്റെ വലതുഭാഗത്ത് ലഷ്‌കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ പേരും ഇടതുഭാഗത്ത് ഹമാസ്, ഹൂതി എന്നീ വാക്കുകളുമാണ് എഴുതിയിരിക്കുന്നത്. ഒരിടത്ത് മൊസാദ് എന്നും. പേരിന് നേരേതാഴെ തോക്കിൽനിന്ന് വെടിയുണ്ട ചിതറുന്ന ചിത്രവും രണ്ട് വാളുകളും വരച്ചിട്ടുണ്ട്.
ഹമാസ്, ഹൂതി, ലഷ്‌കർ ഇ ത്വയിബ എന്നീ പേരുകൾ വലിയ അക്ഷരത്തിൽ എഴുതി. പരീക്ഷയുടെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയത്ത് കുട്ടികൾ പലരും ചോദ്യക്കടലാസ് വായനയിൽ മുഴുകിയപ്പോൾത്തന്നെ ഈ കുട്ടി ചോദ്യക്കടലാസിൽഎന്തൊക്കെയോ എഴുതിത്തുടങ്ങിയിരുന്നു. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണമെന്ന് അധ്യാപിക ആവശ്യപ്പെട്ടെങ്കിലും ശ്രദ്ധിക്കാതെ വിദ്യാർഥി ചോദ്യക്കടലാസിൽ കുത്തികുറിച്ചുകൊണ്ടിരുന്നു. ഉത്തരക്കടലാസ് തിരിച്ചുവാങ്ങുന്ന സമയത്ത് സംശയംതോന്നിയ അധ്യാപിക ചോദ്യക്കടലാസ് പരിശോധിച്ചപ്പോഴാണ് എഴുത്തും ചിത്രങ്ങളും കണ്ടത്. പിന്നീട് പ്രഥമാധ്യാപകനോടും സഹപ്രവർത്തകരോടും കാര്യങ്ങൾ പറഞ്ഞു. വിദ്യാർഥിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ വിശദമാക്കിയശേഷമാണ് പോലീസിൽ വിവരമറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.