ചെന്നൈ: കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.
വിജയ്‍യുടെ കുറിപ്പ് "കരുറിൽ ഇന്നലെ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്‍റെ മനസ്സും ഹൃദയവും അതിയായ ദുഃഖത്താൽ നിറയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തിൽ, എന്‍റെ ഹൃദയത്തിൽ അനുഭവിക്കുന്ന വേദന വാക്കുകളാൽ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. എന്‍റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടിയിരിക്കുന്നു. ഞാൻ കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങൾ എന്‍റെ മനസ്സിൽ മിന്നിമറയുന്നു.
സ്നേഹവും കരുതലും കാണിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ എന്‍റെ ഹൃദയം കൂടുതൽ തളരുന്നു. എന്‍റെ പ്രിയപ്പെട്ടവരേ... നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ ദുഃഖത്തിൽ വിവരിക്കാനാവാത്ത വേദനയോടെ ഞാൻ അനുശോചനം അറിയിക്കുന്നു. ഈ അതിരില്ലാത്ത ദുഃഖത്തിൽ നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് ഞാനുമുണ്ട്.ഇതൊരു നികത്താനാവാത്ത നഷ്ടമാണ്. ആര് ആശ്വസിപ്പിച്ചാലും പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എങ്കിലും നിങ്ങളുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നഷ്ടത്തിന് മുന്നിൽ ഈ തുക തുച്ഛമാണെന്ന് എനിക്കറിയാം. എങ്കിലും, ഈ നിമിഷം നിങ്ങളുടെ കുടുംബാംഗം എന്ന നിലയിൽ, കനത്ത ഹൃദയത്തോടെ നിങ്ങളുടെ അരികിൽ നിൽക്കേണ്ടത് എന്‍റെ കടമയാണ്.
അതുപോലെ, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് തിരിച്ചെത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ചികിത്സയിലുള്ള നമ്മുടെ പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും ഞങ്ങളുടെ തമിഴക വെട്രി കഴകം ഉറപ്പാക്കുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ദൈവകൃപയാൽ നമുക്ക് ഇതിൽ നിന്നെല്ലാം കരകയറാൻ ശ്രമിക്കാം."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.