ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയർത്തിക്കാട്ടി ലണ്ടനിൽ തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൺ സംഘടിപ്പിച്ച റാലി സംഘർഷഭരിതമായി.
"യുണൈറ്റ് ദി കിങ്ഡം" എന്ന പേരിൽ സംഘടിപ്പിച്ച ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷങ്ങളിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
പ്രതിഷേധക്കാർ പോലീസിനുനേരെ കുപ്പികൾ എറിയുകയും മർദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഏകദേശം ഒന്നരലക്ഷത്തോളം ആളുകൾ മാർച്ചിൽ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാർച്ചിലുണ്ടായതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകൻ യാക്സ്ലി-ലെനോൺ എന്ന റോബിൻസൺ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളിൽ ഒരാളാണ്. കുടിയേറ്റക്കാർക്ക് ഇപ്പോൾ ബ്രിട്ടീഷ് പൊതുജനങ്ങളെക്കാൾ കൂടുതൽ അവകാശങ്ങളുണ്ടെന്നും, ഈ രാജ്യം പടുത്തുയർത്തിയ ജനങ്ങളേക്കാൾ അവർക്കാണ് മുൻഗണനയെന്നും റോബിൻസൺ പറഞ്ഞു. റോബിൻസന്റെ അനുയായികൾ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടിയുടെ നേതാവായ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കി.റാലിയിൽ പങ്കെടുത്തവർ പ്രധാനമായും കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. യൂറോപ്യൻ ജനതയുടെ വലിയൊരു വിഭാഗം തെക്കൻ രാജ്യങ്ങളിൽ നിന്നും മുസ്ലീം സംസ്കാരങ്ങളിൽ നിന്നും വരുന്ന ആളുകളാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണെന്ന് തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മോർ പറഞ്ഞു. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ഇലോൺ മസ്കും അവകാശപ്പെട്ടു.ഈ റാലിക്ക് ബദലായി, സ്റ്റാൻഡ് അപ്പ് ടു റേസിസം എന്ന സംഘടന ഫാസിസത്തിനെതിരായ മാർച്ച് സംഘടിപ്പിച്ചു. അഭയാർത്ഥികളെ സ്വാഗതം ചെയ്തും തീവ്ര വലതുപക്ഷത്തെ തകർക്കണമെന്നും ആവശ്യപ്പെട്ട് നടന്ന മാർച്ചിൽ 5000ത്തോളം ആളുകൾ മാത്രമാണ് പങ്കെടുത്തത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.