നാഗ്പുർ: രാജ്യത്ത് E20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) വിൽക്കാനുള്ള സർക്കാർ പദ്ധതിയിൽ വിമർശനങ്ങൾ ശക്തമായതോടെ മറുപടിയായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
കൂടുതൽ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തേക്കാൾ, കർഷകർക്ക് വേണ്ടിയുള്ള ആശയങ്ങളും ലക്ഷ്യങ്ങളുമാണ് തന്റെ പ്രവർത്തനങ്ങളെയും പരീക്ഷണങ്ങളെയും മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ അഗ്രിക്കോസ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'ഞാനിത് പണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സത്യസന്ധമായി എങ്ങനെ പണം സമ്പാദിക്കാമെന്ന് എനിക്കറിയാം. ഞാൻ ഒരു കള്ളക്കച്ചവടക്കാരനല്ല. എന്റെ തലച്ചോറിന് മാസം 200 കോടിയുടെ മൂല്യമുണ്ട്. എനിക്ക് പണത്തിന് ഒരു കുറവുമില്ല, ഞാൻ തരംതാഴുകയുമില്ല.' ഗഡ്കരി പറഞ്ഞു.
സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ആളുകളെ തമ്മിലടിപ്പിക്കാൻ രാഷ്ട്രീയക്കാർക്ക് അറിയാമെന്നും, പിന്നോക്കാവസ്ഥ ഒരു രാഷ്ട്രീയ താൽപ്പര്യമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. താനും ഒരു രാഷ്ട്രീയക്കാരനാണ്. എന്നാൽ വിദർഭയിലെ 10,000 കർഷക ആത്മഹത്യകൾ ഒരു നാണക്കേടാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ കർഷകർ സമൃദ്ധരാകുന്നത് വരെ ഞങ്ങൾ പിന്മാറില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.മകന് ഒരു കയറ്റുമതി-ഇറക്കുമതി ബിസിനസ്സ് ഉണ്ടെന്നും, അടുത്തിടെ ഇറാനിൽ നിന്ന് 800 കണ്ടെയ്‌നർ ആപ്പിൾ ഓർഡർ ചെയ്യുകയും ഇവിടെ നിന്ന് 1,000 കണ്ടെയ്‌നർ വാഴപ്പഴം അയക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മകൻ ഗോവയിൽ നിന്ന് 300 കണ്ടെയ്‌നർ മത്സ്യം സെർബിയയിലേക്ക് വിതരണം ചെയ്തതായും, ഓസ്ട്രേലിയയിൽ പാൽപ്പൊടി നിർമ്മിക്കുന്ന ഒരു ഫാക്ടറി സ്ഥാപിക്കുകയും അബുദാബിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും 150 കണ്ടെയ്‌നറുകൾ അയക്കുകയും ചെയ്യുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.ഐടിസിയുമായി സഹകരിച്ച് 26 അരി മില്ലുകളും നടത്തുന്നുണ്ട്. തനിക്ക് അഞ്ച് ലക്ഷം ടൺ അരിപ്പൊടി ആവശ്യമുള്ളതിനാൽ മകൻ മില്ലുകൾ നടത്തുകയും താൻ ആ പൊടി വാങ്ങുകയും ചെയ്യുന്നു. കാർഷിക മേഖലയിൽ എങ്ങനെ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.