പമ്പ : ശബരിമല അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച രാത്രി തന്നെ പമ്പയില്‍ എത്തി. ദേവസ്വം ബോര്‍ഡിന്റെ പൊതുമരാമത്ത് ഓഫിസ് കോംപ്ലക്സില്‍ ഒരുക്കിയ പ്രത്യേക മുറിയിലാണ് മുഖ്യമന്ത്രി രാത്രി തങ്ങിയത്.
ദേവസ്വം മന്ത്രി വി.എന്‍. വാസവന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി ഹെലികോപ്ടറിലാവും മടങ്ങുക. രാവിലെ 11.30ന് നിലയ്ക്കലെ ഹെലിപാഡില്‍നിന്ന് യാത്ര തിരിക്കുന്ന മുഖ്യമന്ത്രി അടൂരില്‍ കെഎപിയുടെ ഹെലിപാഡില്‍ ഇറങ്ങും. അടൂരില്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനയോഗം ഉദ്ഘാടനം ചെയ്യുന്നതു മുഖ്യമന്ത്രിയാണ്.
അയ്യപ്പസംഗമത്തിനായി പമ്പാതീരത്ത് 3,500 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാനവേദി 3 തട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ ഹാളില്‍ വലിയ 6 എല്‍ഇഡി സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്. തറനിരപ്പില്‍ നിന്ന് 4 അടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണു സ്റ്റേജ്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, സമുദായ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ക്കാണ് സ്റ്റേജില്‍ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് സ്റ്റേജിനു മുന്പില് പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വലിയ പാലത്തിലൂടെ പമ്പാ മണപ്പുറത്തേക്ക് എത്തുന്ന ഭാഗത്താണ് പ്രധാന വേദിയുടെ കവാടം. ഇവിടെയാണ് റജിസ്ട്രേഷന് കൗണ്ടര്‍.
16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ എത്തുന്നുണ്ട്. ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍. വിദേശരാജ്യങ്ങളില്‍ നിന്ന് 250 പേരെയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. ഇവര്‍ രാത്രി സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ പമ്പയില്‍ എത്തും.
മറ്റുള്ളവര്‍ക്ക് കുമരകം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, എരുമേലി എന്നിവിടങ്ങളിലാണ് താമസ സൗകര്യം. ഇത് കൂടാതെ തമിഴ്നാട്ടില്‍ നിന്ന് 1000, കര്‍ണാടകയില്‍ നിന്ന് 350, ആന്ധ്രയില്‍ നിന്ന് 800 പേരും ബുക്കു ചെയ്തിട്ടുണ്ട്. ഇവര്‍ എല്ലാവരും രാവിലെ പമ്പയില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ പമ്പയില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി 25 ലോഫ്ലോര്‍ എസി ബസും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി പേരു റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പൊലീസിന്റെ പരിശോധനയ്ക്കു ശേഷമാണ് പ്രധാന വേദിയിലേക്ക് കടത്തിവിടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.