കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ല.
പൊതുദർശനം വേണ്ടെന്ന പി പി തങ്കച്ചന്റെ ആഗ്രഹപ്രകാരമാണ് തീരുമാനം. നാളെ രാവിലെ 11 മണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിൽ എത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്കാരം നടക്കുക.ഇന്ന് വൈകീട്ട് 4 .30 ഓടെയാണ് പി പി തങ്കച്ചൻ അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകീട്ട് മരണം സംഭവിക്കുകയുമായിരുന്നു.
അതേസമയം, പി പി തങ്കച്ചന്റെ വേർപാടിന്റെ വേദനയിലാണ് പെരുമ്പാവൂർ. മുനിസിപ്പൽ ചെയർമാൻ മുതൽ മന്ത്രിയായിരുന്ന കാലത്തും സഹപ്രവർത്തകരോടും സ്റ്റാഫിനോടും സൗമ്യമായ പെരുമാറ്റം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഓർത്തെടുക്കുകയാണ് നാട്ടുകാർ. ഭാര്യ തങ്കമ്മ വിടപറഞ്ഞ ഓർമദിനത്തിൽ തന്നെയാണ് തങ്കച്ചനും ഓർമകളിലേക്ക് മായുന്നത്.
2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും നാലു വട്ടം എംഎൽഎയും ഒരുവട്ടം മന്ത്രിയുമായിരുന്നു. മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ നഗരസഭാംഗമായാണ് പൊതുജീവിതമാരംഭിച്ചത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു. 68 ൽ സ്ഥാനമേൽക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് ചുമതലയിൽ തുടങ്ങി അദ്ദേഹം ബ്ലോക്ക് പ്രസിഡന്റും എറണാകുളം ഡിസിസി പ്രസിഡന്റുമായി. 2004 ൽ ഏതാനും മാസം കെപിസിസി അധ്യക്ഷനായി.1991 ൽ നിയമസഭാ സ്പീക്കറായി. കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭരായ സ്പീക്കർമാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.